ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കില്ലെന്ന് സൂചന നൽകി സ്പിന്നർ രവീന്ദ്ര ജഡേജ. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജഡേജ തുടരുമെന്ന സൂചന നൽകിയത്. 'റൂമറുകൾ പ്രചരിപ്പിക്കാത്തതിന് നന്ദി' എന്ന് അദ്ദേഹം ഇൻസ്റ്റ് സ്‌റ്റോറിയിൽ കുറിച്ചിട്ടു. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ജഡേജ വിരമിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ കുറിപ്പ് അത്തരത്തിലുള്ള വാർത്തകളോടുള്ള മറുപടിയെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു ജഡേജ. ന്യൂസിലൻഡിനെ 251 റൺസിന് പിടിച്ചുകെട്ടുന്നതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു. 10 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത ജഡേജ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോം ലാതമിന്റെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. സ്‌പെൽ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ താരം വിരാട് കോഹ്ലി ജഡേജയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. കൂടെ കെട്ടിപിടിക്കുകയും ചെയ്തു.
നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് ശേഷം സ്റ്റീവ് സ്മിത്തിനേയും കോഹ്ലി ആശ്ലേഷിച്ചിരുന്നു. പിന്നീട് സ്മിത്ത് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെടുത്തിയാണ് രവീന്ദ്ര ജഡേജയുടെ കാര്യവും ക്രിക്കറ്റ് ആരാധകർ സംസാരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
തുടർന്ന് ജഡേജയെ ഏകദിന ക്രിക്കറ്റിലേക്ക് പരിഗണിക്കില്ലെന്ന സൂചനയും ബിസിസിഐ നൽകി. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്കും അതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കുമുള്ള ടീമിൽ ജഡ്ഡുവിനെ ഉൾപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്