ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ജൊഹന്നാസ്ബർഗിൽ നടന്ന നടന്ന മത്സത്തിൽ 135 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വർമ (120), സഞ്ജു സാംസൺ (109) എന്നിവരുടെ കരുത്തിൽ 283 റൺസാണ് അടിച്ചെടുത്തത്.
ഇരുവരും പുറത്താവാതെ നിന്നു. മറപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 10 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ഇതിൽ മൂന്നും അർഷ്ദീപിനായിരുന്നു. റീസ ഹെൻഡ്രിക്‌സ് (0), എയ്ഡൻ മാർക്രം (8), ഹെന്റിച്ച് ക്ലാസൻ (0) എന്നിവരെയാണ് അർഷ്ദീപ് പുറത്താക്കിയത്. റ്യാൻ റിക്കിൽട്ടൺ (1) ഹാർദിക് പാണ്ഡ്യക്കും വിക്കറ്റ് നൽകി. പിന്നീട് ട്രിസ്റ്റൺ സ്റ്റബ്‌സ് (43), ഡേവിഡ് മില്ലർ (36), മാർകോ ജാൻസൻ (പുറത്താവാതെ 29) എന്നിവർ നടത്തിയ പോരാട്ടമാണ് ആതിഥേയരെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ആൻഡിലെ സിംലെയ്ൻ (2), ജെറാൾഡ് കോട്‌സ്വീ (12), കേശവ് മഹാരാജ് (6), ലൂതോ സിംപാല (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
നേരത്തെ, അഭിഷേക് ശർമയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിൽ തിലക് നേടുന്ന തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. സഞ്ജുവിന്റേത് പരമ്പരയിലെ രണ്ടാം സെഞ്ചുറിയും. കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇരുവരും ചേർന്നുള്ള സഖ്യം 210 റൺസാണ് കൂട്ടിചേർത്തത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.
ഒന്നാം വിക്കറ്റിൽ സഞ്ജു അഭിഷേക് സഖ്യം ഒന്നാം വിക്കറ്റിൽ 73 റൺസ് ചേർത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകൾ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടർന്നു.
തിലകായിരുന്നു കൂടുതൽ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് തുടർന്നു. ഇതിനിടെ സെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി. 47 പന്തുകൾ നേരിട്ട തിലക് 10 സിക്‌സും ഒമ്പത് ഫോറും നേടി. സഞ്ജു 56 പന്തുകൾ കളിച്ചു. ഒമ്പത് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. നേരത്തെ,
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്