ദുബായ്: പാക് അധീന കശ്മീരില്‍ (പിഒകെ) ഉള്‍പ്പെടുന്ന സ്‌കര്‍ദു, മുറെ, മുസാഫറാബാദ് എന്നിവിടങ്ങളില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ട്രോഫി പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റദ്ദാക്കി. ഈ നഗരങ്ങളെ ടൂര്‍ യാത്രയില്‍ ഉള്‍പ്പെടുത്തുന്നതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. നവംബര്‍ 16 മുതല്‍ 24 വരെ ചാമ്പ്യന്‍സ് ട്രോഫിയുടെ രാജ്യവ്യാപക ട്രോഫി ടൂര്‍ പിസിബി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാക് അധീന കശ്മീരിലെ (പിഒകെ) തര്‍ക്കഭൂമിയുടെ പരിധിയില്‍ വരുന്ന നഗരങ്ങളിലെ ട്രോഫി ടൂര്‍ ഐസിസി റദ്ദക്കുകയായിരുന്നു.
എട്ട് ടീമുകളുള്ള ടൂര്‍ണമെന്റ് 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകാനുള്ള ഇന്ത്യയുടെ വിമുഖത കാരണം 2025 ലെ ചാമ്പ്യന്‍സ് ട്രോഫി വിവാദങ്ങളിലാണ്. ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകാനുള്ള ഇന്ത്യയുടെ വിസമ്മതത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്.
പിസിബിയും ബിസിസിഐയും തമ്മിലുള്ള തര്‍ക്കം ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിനായി കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പാകിസ്ഥാന്‍ ഇതിനകം 17 ബില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്.
നവംബര്‍ രണ്ടാം വാരത്തില്‍ വേദികള്‍ സ്ഥിരീകരിക്കാതെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് ഐസിസി അറിയിച്ചു. താല്‍ക്കാലിക ഷെഡ്യൂള്‍ അനുസരിച്ച്, ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ ലാഹോര്‍, റാവല്‍പിണ്ടി, കറാച്ചി എന്നിവിടങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
2012-13 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന, ടി20 ഐ പരമ്പരകളില്‍ ഇരു ടീമുകളും അവസാനമായി മത്സരിച്ചതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധമില്ല. 2008-ല്‍ ഏഷ്യാ കപ്പിനായി ഇന്ത്യ അവസാനമായി പാകിസ്ഥാനിലേക്ക് പോയിരുന്നു. അതേ വര്‍ഷം മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല.
2023 ഏഷ്യ കപ്പില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിമുഖത കാട്ടിയതിനെത്തുടര്‍ന്ന് ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാ കപ്പ് നടന്നത്. ചാമ്പ്യന്‍സ് ട്രോഫിയും ഇതേ രീതിയില്‍ നടത്തുമോ അതോ പാകിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റുമോ എന്ന് കണ്ടറിയണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്