ആലപ്പുഴ: ഇ.പി. ജയരാജനെ ആത്മകഥാ വിവാദത്തില്‍ ചേർത്തുനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനെ സഹായിക്കാനായി മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയത് എന്ന് അദ്ദേഹം വിമർശിച്ചു. സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തില്‍ പരാമർശിച്ചിട്ടില്ല. സരിനെന്ന് പറഞ്ഞയാളെ ഇ.പി. ക്ക് അറിയാമോയെന്ന് ഞങ്ങള്‍ ചോദിച്ചു.
സരിൻ പുതുതായി വന്നയാളാണ്, മിടുക്കനാണ്. നേരത്തെ സരിൻ മറ്റൊരു ചേരിയിലായിരുന്നല്ലോ. സരിനെ തനിക്കറിയില്ലെന്നും അറിയാത്ത ആളെക്കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ജയരാജൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരാള്‍ പുസ്തകം എഴുതിയാല്‍ പ്രകാശനത്തിന് അയാള്‍ വേണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണെന്നും എന്നാല്‍ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നുമാണ് ഇ.പി. വ്യക്തമാക്കിയത്. ആരെയും പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏല്‍പ്പിച്ചിട്ടുമില്ല.
എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകള്‍ ബന്ധപ്പെട്ടിരുന്നു. എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്നാണ് ഇ.പി. മറുപടി നല്‍കിയത്. എഴുതിയ ആളില്ലാതെ ഒരു പ്രകാശനം സാധാരണ നടക്കുമോ. എഴുതിയ ആള്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചാല്‍ നടക്കുമായിരിക്കും. പുസ്തകം വായനക്കുള്ളതാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സാപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോയെന്നും പിണറായി വിജയൻ ചോദിച്ചു.
വിവാദമായ വിഷയങ്ങള്‍ താൻ ആ പുസ്തകത്തില്‍ എഴുതിയിട്ടുമില്ല. എഴുതാൻ ഉദ്ദേശിക്കുന്നുമില്ലെന്നാണ് ജയരാജൻ പറഞ്ഞത്. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്‍റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാൻ നോക്കുന്നത്. കൂട്ടത്തില്‍ ജയരാജൻ, ജാവദേക്കറുടെ കാര്യവും പറഞ്ഞു.
ഒന്നര വർഷം മുൻപാണ് ജാവദേക്കറെ കണ്ടത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അന്ന് ജാവദേക്കർ വന്ന് കണ്ടതുപോലെയാണ് വാർത്ത വന്നത്. ഇപ്പോ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആ ദിവസം നോക്കി സൂക്ഷ്മമായി വാർത്ത മെനഞ്ഞെടുക്കുകയാണ്. ഇതല്ലേ വിവാദ പണ്ഡിതൻമാർ ചെയ്യുന്ന കാര്യം. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്