ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി ഓപ്പണർ കെ.എൽ. രാഹുലിന്റെ പരിക്ക്. ഇന്ന് ആരംഭിച്ച ത്രിദിന പരിശീലന മത്സരത്തിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുലിന്റെ കൈക്കുഴയിലാണ് പന്തുകൊണ്ട് പരിക്കേറ്റത്. പന്ത് കൊണ്ടശേഷം വേദനകൊണ്ട് പുളഞ്ഞ രാഹുൽ ബാറ്റിംഗ് തുടരാൻ ശ്രമിച്ചെങ്കിലും വേദന കാരണം ക്രീസ് വിട്ടു. പിന്നീടെത്തിയ വിരാട് കോഹ്ലി വലിയ സ്‌കോർ നേടാതെ പുറത്തായി. ഔട്ടായതിന് പിന്നാലെ നെറ്റ്‌സിലെത്തിയ കോഹ്ലി ബാറ്റിംഗ് പരിശീലനം തുടർന്നു.
ഇന്ത്യൻ ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ച് നടത്തുന്ന ത്രിദിന പരിശീലന മത്സരത്തിൽ ആദ്യ ടെസ്റ്റിൽ ഓപ്പണർമാരാകുമെന്ന് കരുതുന്ന രാഹുലും ജയ്‌സ്വാളുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. ഷോർട്ട് ബോളുകൾ മികച്ച രീതിയിൽ നേരിട്ട ജയ്‌സ്വാൾ മികവ് കാട്ടിയപ്പോൾ രാഹുൽ തുടക്കം മുതലെ പതറി. എതിർ ടീമിനായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ മികച്ച പേസും ബൗൺസും കണ്ടെത്തി ബാറ്റർമാരെ വെള്ളംകുടിപ്പിച്ചു.
ക്യാപ്ടൻ രോഹിത് ശർമ ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നാൽ ഇന്ത്യക്കായി രാഹുലും യശസ്വിയുമാകും ആദ്യ ടെസ്റ്റിൽ ഓപ്പണർമാരായി ഇറങ്ങുക. അതിനിടെ ഇന്നലെ പരിശീലനത്തിനിടെ മധ്യനിര ബാറ്ററായ സർഫറാസ് ഖാനും പരിക്കേറ്റെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചന.പരിശീലന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കാണികളെ പ്രവേശിപ്പിച്ച് തന്നെയാണ് മത്സരം നടന്നത്. എന്നാൽ സ്‌കോർ ബോർഡിൽ കളിക്കാരുടെ വ്യക്തിഗത സ്‌കോർ അടയാളപ്പെടുത്തുന്നില്ല.
ഈ മാസം 22ന് പെർത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് പരിശീലന മത്സരം കളിക്കണമെന്ന മുൻ താരങ്ങളുടെ ആവശ്യം ആദ്യം ഇന്ത്യൻ ടീം നിരസിച്ചെങ്കിലും പിന്നീട് ബിസിസിഐ നിർദേശത്തെത്തുടർന്നാണ് പരിശീലന മത്സരം കളിക്കാൻ തയ്യാറായത്. ഓസ്‌ട്രേലിയയിലുള്ള ഇന്ത്യ എ ടീം അംഗങ്ങളും പരിശീലന മത്സരത്തിൽ കളിക്കുന്നുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്