അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റിൽ പങ്കെടുക്കാമെന്നുള്ളതാണ് ബിസിസിഐ നിലപാട്. ഐസിസി ഇക്കാര്യം കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ രേഖാമൂലം അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡൽ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്‌കരിക്കണമെന്നാണ് പാക് നിലപാട്.
പാകിസ്ഥാൻ പിന്മാറിയാൽ ടൂർണമെന്റ് എവിടെ നടത്തുമെന്നാണ് പ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നടത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകുമെന്നാണ്. പാകിസ്ഥാൻ പിന്മാറിയാൽ ടൂർണമെന്റ് നടത്താൻ മുന്നിലുള്ളത് ഇന്ത്യയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ ടൂർണമെന്റിനായി പാകിസ്ഥാൻ വരുമോ എന്നുള്ള കാര്യവും ഉറപ്പില്ല.
പാകിസ്ഥാനിൽ കളിക്കാനില്ലെന്നും പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ദുബായിൽ കളിക്കാമെന്നും ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്.
അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോർമാറ്റിലാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്