രഞ്ജി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 291നെതിരെ ഹരിയാന 164 റൺസിന് എല്ലാവരും പുറത്തായി. അതോടെ കേരളത്തിന് സുപ്രധാന 127 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു.
മൂന്ന് വിക്കറ്റ് വീതം നേടിയ നിധീഷ് എം.ഡിയും ബേസിൽ തമ്പിയും കൂടിയാണ് ഹരിയാനയെ തകർത്തത്. 29 റൺസുമായി നിശാന്ത് സിന്ധുവാണ് ഹരിയാനയുടെ ടോപ് സ്‌കോറർ.
കേരളത്തെ 291 റൺസിൽ എറിഞ്ഞിട്ട് മറുപടി ബാറ്റിംഗിനെത്തിയ ഹരിയാനക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോർ 38ൽ നിൽക്കെ ഓപ്പണർ യുവരാജ് സിംഗിനെ (20) മടക്കിയ ബേസിൽ എൻ.പി കേരളത്തിന് മികച്ച തുടക്കം നൽകി. പിന്നാലെ ലക്ഷ്യ സുമൻ ദയാലിനെ (21) ബേസിൽ തമ്പി വീഴ്ത്തി. ക്യാപ്ടൻ അങ്കിത് കുമാറും(27), ഹിമാൻഷു റാണയും (17) ചേർന്ന് 32 റൺസ് കൂട്ടുകെട്ടിലൂടെ സ്‌കോർ 80ൽ എത്തിച്ചെങ്കിലും റാണയെ സൽമാൻ നിസാർ റണ്ണൗട്ടാക്കിയത് മത്സരത്തിൽ വഴിത്തിരിവായി. പിന്നാലെ ധീരു സിംഗ്(7) നിധീഷിന്റെ പന്തിൽ പുറത്തായി.
പൊരുതി നിന്ന ക്യാപ്ടൻ അങ്കിത് കുമാറിനെയും നിധീഷ് തന്നെ പുറത്താക്കിയതോടെ ഹരിയാന 95-5ലേക്ക് വീണു. കപിൽ ഹൂഡ (9), എസ്.പി കുമാർ (6) എന്നിവരും മടങ്ങിയതോടെ ഹരിയാന ഏഴിന് 137 എന്ന നിലയിലായി. തുടർന്ന് സിന്ധു -യാദവ് സഖ്യം വിക്കറ്റ് നഷ്ടമാവാതെ കാത്തു. നിധീഷിന് പുറമെ ജലജ് സക്‌സേന, ബേസിൽ തമ്പി, എൻ.പി ബേസിൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിൽ ബാറ്റിംഗ് തുടർന്ന കേരളം ഒന്നാം ഇന്നിംഗ്‌സിൽ 291 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകർത്ത അൻഷുൽ കാംബോജ് തന്നെയാണ് അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി കേരളത്തിന്റെ ഇന്നിംഗ്‌സും അവസാനിപ്പിച്ചത്.
മൂന്നാം ദിനം ആദ്യ ഓവറിൽ തന്നെ നാലു റൺസെടുത്ത ബേസിൽ തമ്പിയെ ബൗൾഡാക്കിയ അൻഷുൽ കാംബോജ് പിന്നാലെ 42 റൺസെടുത്ത ഷോൺ റോജറെ കൂടി പുറത്താക്കി കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 30.1 ഓവറിൽ 9 മെയ്ഡിൻ അടക്കം 49 റൺസ് വഴങ്ങിയാണ് അൻഷുൽ 10 വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, അക്ഷയ് ചന്ദ്രൻ (59), രോഹൻ കുന്നുമ്മൽ (55), മുഹമ്മദ് അസറുദ്ദീൻ (53), സച്ചിൻ ബേബി (52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്