സ്‌പെയ്‌നിനെ ഗോളില്ലാ സമനിലയിൽ തളച്ച് കുഞ്ഞൻ രാജ്യം കേപ് വെർദേ

JUNE 15, 2026, 1:52 PM

അറ്റ്‌ലാന്റ: ഇന്നലെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേപ് വെർദേയ്‌ക്കെതിരെ ഒരു ഗോൾ പോലും നേടാനാകാതെ നാണംകെട്ട് സമനിലയിലൊളിച്ച് മടങ്ങേണ്ടിവന്നത് നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ സ്‌പെയ്‌നിന് സൃഷ്ടിച്ച നാണക്കേട് ചെറുതല്ല. കേപ് വെർദേയെ വെറുതേക്കാരായിക്കണ്ട് സൂപ്പർതാരം ലാമിൻ യമാലിനെ 70 മിനിട്ട് ബെഞ്ചിലിരുത്തിയത് ഉൾപ്പടെയുള്ള തീരുമാനങ്ങളാണ് തിരിച്ചടിയായത്.

തങ്ങൾ കരുതിയതുപോലെയല്ല കേപ് വെർദേയെന്ന് ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് സ്‌പെയ്‌ന് മനസിലായത്. 40 കാരനെങ്കിലും പോർച്ചുഗീസ് ക്‌ളബിൽ കളിച്ചുപരിചയമുള്ള ഗോളി വൊസീഞ്ഞയും യു.എ.ഇയിലെയും അയർലാൻഡിലെയും ലീഗുകളിൽ കളിക്കുന്ന പ്രതിരോധക്കാരും ചേർന്ന് പേരുകേട്ട സ്പാനിഷ് അർമദയെ ശരിക്കും വട്ടം കറക്കി.

ആദ്യ പകുതിയിൽ വൊസീഞ്ഞയുടെ വിസ്മയപ്രകടനമാണ് സ്‌പെയ്‌നിന് തിരിച്ചടിയായതെങ്കിൽ രണ്ടാം പകുതിയിൽ സാഹചര്യം ശരിക്കും മനസിലാക്കി ഗോൾ വലയ്ക്ക് മുന്നിൽ ലോറി പാർക്ക് ചെയ്തതുപോലെ 11പേരും ചേർന്ന് പ്രതിരോധിച്ചതോടെ ഏതുവഴിയിലൂടെ കടന്നുകയറണമെന്നറിയാതെ പേരുകേട്ട സ്പാനിഷ് താരങ്ങൾ കുഴങ്ങി. യമാലിറങ്ങിയിട്ടും കഥയിൽ ഒരു മാറ്റവുമുണ്ടായില്ല.

vachakam
vachakam
vachakam

കിരീടം തേടിവന്നിട്ട് 2014ലേതുപോലെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകാതിരിക്കാൻ സ്‌പെയ്‌നിന് ഇനിയുള്ള മത്സരങ്ങൾ ജയിച്ചേപറ്റൂ. അടുത്ത ഞായറാഴ്ച സൗദിയുമായും 27ന് ഉറുഗ്വേയുമായുമുള്ള മത്സരങ്ങൾ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർക്ക് അഗ്‌നിപരീക്ഷയാകും.

ആഫ്രിക്കൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേപ് വെർദേ ലോകകപ്പിനെത്തിയത്. കാമറൂൺ, ലിബിയ, അംഗോള, മൗറീഷ്യസ് എന്നിവരുമടങ്ങിയ ഗ്രൂപ്പിലെ 10 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ ജയിക്കുകയും രണ്ട് സമനിലകൾ വഴങ്ങുകയും ചെയ്ത് 23 പോയിന്റുമായാണ് കേപ് വെർദേയുടെ കന്നി ലോകകപ്പ് പ്രവേശനം.

കാബോ വെർദേ എന്നും അറിയപ്പെടുന്ന കേപ് വെർദേ പടിഞ്ഞാറൻ ആഫ്രിക്കയിൽ മദ്ധ്യ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ്. 4033 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. കേരളത്തിന്റെ വിസ്തീർണ്ണം മാത്രം 38863 ചതുരശ്ര കിലോമീറ്റർ വരും. നമ്മുടെ ഇടുക്കി ജില്ലയേക്കാൾ വലിപ്പം കുറവ്.

vachakam
vachakam
vachakam

അഞ്ചരലക്ഷത്തോളമാണ് ജനസംഖ്യ. 2002 മുതൽ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിലാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 2013, 2023 വർഷങ്ങളിൽ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഫുട്ബാളിലെ ഇതിനുമുമ്പുള്ള വലിയ നേട്ടം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam