പട്ടായ: തായ്‌ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിലെ തെരുവില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയ രണ്ട് അമേരിക്കന്‍ നാവികരെ പൊലീസ് ഇടപെട്ട് തിരികെ വിമാനവാഹിനിക്കപ്പലിലേക്ക് അയച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കണിലെ നാവികരാണ് പട്ടായയിലെ പ്രശസ്തമായ വോക്കിങ് സ്ട്രീറ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മദ്യപിച്ച് വലിയ രീതിയില്‍ ബഹളമുണ്ടാക്കിയത്.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് മാസത്തോളം കടലില്‍ ചെലവഴിച്ച ശേഷമാണ് യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ തായ്ലന്‍ഡില്‍ അണഞ്ഞത്. കടുത്ത മാനസിക സമ്മര്‍ദ്ദവും ഭക്ഷണക്ഷാമവും നേരിട്ട അയ്യായിരത്തോളം നാവികര്‍ക്കാണ് പട്ടായ നഗരത്തില്‍ വിശ്രമം അനുവദിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാവികര്‍ തമ്മില്‍ തെരുവില്‍ വെച്ച് വലിയ രീതിയില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ബഹളം വെക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടായ സിറ്റി പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു.
സാധാരണ രീതിയിലുള്ള ചെറിയ വഴക്കായതിനാലും തായ് നിയമങ്ങള്‍ ലംഘിക്കാത്തതിനാലും നാവികര്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പട്ടായ സിറ്റി പൊലീസ് ചീഫ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇരുവരെയും യു.എസ് നേവിയുടെ ചുമതലയില്‍ തിരികെ കപ്പലിലേക്ക് തന്നെ കൊണ്ടുപോയി.
വിശ്രമത്തിനായി കരക്കിറങ്ങിയതാണെങ്കിലും നാവികര്‍ക്ക് കപ്പല്‍ അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ നാവികര്‍ക്കും ഒരേസമയം കരയിലേക്ക് പോകാന്‍ അനുവാദമില്ലാത്തതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മാത്രമാണ് ഇവരെ പുറത്തുവിടുന്നത്. കമാന്‍ഡിങ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഹോട്ടലുകളില്‍ തിരിച്ചെത്താന്‍ നാവികര്‍ക്ക് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമേ, ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും നാവികര്‍ക്ക് പൂര്‍ണ്ണമായും വിലക്കിയിട്ടുമുണ്ട്.
തായ്‌ലന്‍ഡില്‍ ആയിരിക്കുമ്പോഴും കപ്പലിലെ ആളുകളുടെ വരവും പോക്കും നിയന്ത്രിക്കല്‍, സുരക്ഷാ പട്രോളിങ്, എന്‍ജിനീയറിങ് ജോലികള്‍ എന്നിവയ്ക്കായി നാവികര്‍ തങ്ങളുടെ സമയത്തിന്റെ ഒരുഭാഗം ഇപ്പോഴും മാറ്റിവെക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
