ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ വർഷങ്ങൾക്ക് മുൻപ് എടുത്ത ഒരു നിർണ്ണായക തീരുമാനം ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുന്നത് കോടികളുടെ സമ്പാദ്യം. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം കൽ സോമനിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ കമ്പനി 15,290 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണിത്. ടീമിലെ ഓഹരി പങ്കാളിത്തം വഴി വോണിന്റെ കുടുംബത്തിന് ഏകദേശം 450 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2008-ൽ ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി എത്തിയപ്പോൾ വോൺ മുന്നോട്ടുവെച്ച ഒരു പ്രത്യേക നിബന്ധനയാണ് ഈ നേട്ടത്തിന് ആധാരം. വെറും കളിക്കാരൻ എന്നതിലുപരി ടീമിന്റെ കോച്ചും ക്രിക്കറ്റ് ഓപ്പറേഷൻസ് തലവനുമായിരുന്നു അദ്ദേഹം. ടീമിനായി കളിക്കുന്ന ഓരോ വർഷവും ഉടമസ്ഥാവകാശത്തിന്റെ 0.75% ഓഹരി വോണിന് നൽകണം എന്നതായിരുന്നു ആ വ്യവസ്ഥ.
ആദ്യ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച വോൺ, നാല് സീസണുകൾ കൂടി ടീമിനായി കളിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആകെ ഓഹരി വിഹിതം 3 ശതമാനമായി ഉയർന്നു. 2008-ൽ മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ വെറും 67 ദശലക്ഷം ഡോളറിനാണ് രാജസ്ഥാൻ ടീമിനെ വാങ്ങിയത്. എന്നാൽ ഇന്ന് ടീമിന്റെ മൂല്യം 15,290 കോടി രൂപയായി ഉയർന്നു. വോണിന്റെ കൈവശമുള്ള 3% ഓഹരിയുടെ ഇന്നത്തെ മൂല്യം ഏകദേശം 450 മുതൽ 460 കോടി രൂപ വരെയാണ്.
2022-ൽ അന്തരിച്ച വോണിന്റെ അഭാവത്തിൽ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിനാകും ലഭിക്കുക. ബിസിസിഐയുടെ (BCCI) അംഗീകാരത്തിന് വിധേയമായി 2026 ഐപിഎൽ സീസണിന് ശേഷം ഈ ഓഹരികൾ വിൽക്കാനും തുക കൈപ്പറ്റാനും അവർക്ക് അവകാശമുണ്ടാകും. തന്റെ കഠിനാധ്വാനത്തിന് പ്രതിഫലമായി ഓഹരി കൂടി ആവശ്യപ്പെട്ട വോണിന്റെ ബുദ്ധിപരമായ നീക്കം അദ്ദേഹത്തിന്റെ മരണശേഷവും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
