ഐപിഎൽ റൺവേട്ടയിൽ ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും 600 റൺസ് പിന്നിട്ടതോടെ ഓറഞ്ച് ക്യാപ് പോരാട്ടം മുറുകി. ഐപിഎൽ റൺവേട്ടയിൽ 600 റൺസ് പിന്നിട്ട് ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലു സായ് സുദർശനും. സീസണിൽ 600 റൺസ് പിന്നിടുന്ന ആദ്യ ബാറ്റർമാരാണ് രണ്ട് പേരും.
ചെന്നൈക്കെതിരെ 53 പന്തിൽ 84 റൺസ് അടിച്ച സായ് സുദർശൻ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ 638 റൺസോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 49 റൺസ് ശരാശരിയിലും 157.92 സ്‌ട്രൈക്ക് റേറ്റിലും 62 ബൗണ്ടറികളും 29 സിക്‌സുകളും പറത്തിയാണ് സുദർശന്റെ റൺവേട്ട.
ചെന്നൈക്കെതിരെ 37 പന്തിൽ 64 റൺസ് അടിച്ച് തിളങ്ങിയ ഗുജറാത്ത് ക്യാപ്ടൻ ഗിൽ ആണ് റൺവേട്ടക്കാരിൽ രണ്ടാമത്. 13 മത്സരങ്ങളിൽ 47.38 ശരാശരിയിലും 161.67 സ്‌ട്രൈക്ക് റേറ്റിലും 616 റൺസെടുത്ത ഗിൽ 57 ഫോറും 30 സിക്‌സുകളും പറത്തിയാണ് സീസണിൽ 600 റൺസടിക്കുന്ന ആദ്യ ബാറ്ററായത്.
കഴിഞ്ഞ ദിവസം ലക്‌നൗവിനെതിരെ തിളങ്ങി ഒന്നാം സ്ഥാനത്തെത്തിയ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. 236.32 സ്‌ട്രൈക്ക് റേറ്റിലും 44.54 ശരാശരിയിലും 579 റൺസടിച്ച വൈഭവ് 53 സിക്‌സും 50 ഫോറും പറത്തി
ലക്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഓപ്പണർ മിച്ചൽ മാർഷ് 563 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. 51 ഫോറും 36 സിക്‌സും പറത്തിയ മിച്ചൽ മാർഷ് 163.18 സ്‌ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്.
റൺവേട്ടക്കാരിൽ ഒന്നാമനായിരുന്ന ഹെന്റിച്ച് ക്ലാസൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. 555 റൺസെടുത്ത ക്ലാസൻ 44 ഫോറും 25 സിക്‌സുമാണ് സീസണിൽ പറത്തിയത്.
വിരാട് കോഹ്ലി(542), കെ.എൽ. രാഹുൽ(533), അഭിഷേക് ശർമ(507), ഇഷാൻ കിഷൻ(490) എന്നിവരാണ് റൺവേട്ടക്കാരുടെ ടോപ് 10ൽ സ്ഥാനം നിലനിർത്തിയ താരങ്ങൾ.
ഗുജറാത്തിനെതിരെ നേരിട്ട ആദ്യ പന്തിൽ പുറത്തായി ഗോൾഡൻ ഡക്കായ സിഎസ്‌കെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പത്താം സ്ഥാനത്തുണ്ട്. ഗുജറാത്തിനെതിരെ തിളങ്ങിയിരുന്നെങ്കിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നേറാൻ അവസരമുണ്ടായിരുന്ന സഞ്ജുവിന് സീസണിൽ 500 റൺസെന്ന നേട്ടവും നഷ്ടമായി. 14 മത്സരങ്ങളിൽ 477 റൺസെടുത്ത സഞ്ജു 53 ഫോറും 24 സിക്‌സുകളുമാണ് പറത്തിയത്.
ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപ് റേസിൽ റോയൽ ചലഞ്ഞേഴ്‌സ് ബാംഗ്ലൂരിന്റെ ഭുവനേശ്വർ കുമാർ തന്നെയാണ് ഇപ്പോഴും മുന്നിൽ. ഭുവനേശ്വർ കുമാർ 24 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ചെന്നൈക്കെതിരെ 3 വിക്കറ്റുമായി തിളങ്ങിയ റബാഡയും 24 വിക്കറ്റുകളുമായി ഭുവിക്കൊപ്പമെത്തി. മികച്ച ഇക്കോണമി റേറ്റിന്റെ പിൻബലത്തിലാണ് ഭുവി ഒന്നാം സ്ഥാനം നിലനിർത്തിയത്.
സീസണിലാകെ ചെന്നൈയുടെ ബൗളിംഗ് നിര ദുർബലമായിരുന്നെങ്കിലും 21 വിക്കറ്റുകളുമായി പേസർ അൻഷുൽ കാംബോജ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
ചെന്നൈയുടെ മധ്യനിരയെ തകർത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ 14 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളുമായി നാലാം സ്ഥാനത്തേക്കുയർന്നു.
ചെന്നൈക്കെതിരെ 3 വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് പേസർ മുഹമ്മദ് സിറാജ് 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളോടെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
