നോയിഡ: ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ് സിംഗ് അന്തരിച്ചു. കാൻസർ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരളിനെ ബാധിച്ച അർബുദം നാലാം സ്റ്റേജിലായിരുന്നു. ഒരു വർഷം മുൻപാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം നില ഗുരുതരമായതോടെ സിംബാബ്‌വേയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് റിങ്കു ആശുപത്രിയിലെത്തി അച്ഛനെ കണ്ടിരുന്നു. ഇന്നലെ മരണ വാർത്തയെത്തിയതോടെ റിങ്കു വീട്ടിലേക്ക് മടങ്ങി.
തന്റെ അഞ്ചുമക്കളിൽ മൂന്നാമൻ ക്രിക്കറ്ററാകാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ ഗ്യാസ് സിലിണ്ടർ ഏജൻസിയിലെ ചുമട്ടുതൊഴിലാളിയായ പിതാവ് ആദ്യം ചൂടായി. വല്ലതും രണ്ടക്ഷരം പഠിച്ച് ഒരു ജോലി വാങ്ങി കുടുംബത്തിന് അത്താണിയാകാനാണ് മകനോട് പറഞ്ഞത്. എന്നാൽ മകന്റെ ആഗ്രഹം അത്ര ശക്തമാണെന്ന് മനസ്സിലായപ്പോൾ തന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും അവനെ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോയതും ആ പിതാവ് തന്നെ. അലിഗഡിലെ ഒരു സാധാരണ ഗ്യാസ് ചുമട്ടുതൊഴിലാളിയുടെ മകനായി പിറന്ന റിങ്കുവിന് ഇന്നലെ നഷ്ടമായത് ആ സ്‌നേഹത്തണലാണ്.
മകൻ ലോകമറിയുന്ന ക്രിക്കറ്റ് താരമായി മാറിയിട്ടും അലിഗഢിലെ തെരുവുകളിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നത് തുടർന്നയാളായിരുന്നു അച്ഛൻ ഖൻചന്ദ് സിംഗ്. ഒരു വർഷം മുമ്പ് കാൻസർ സ്ഥിരീകരിക്കുന്നതുവരെ ഖൻചന്ദ് ആ ജോലി തുടർന്നിരുന്നു. റിങ്കു ഇന്ത്യൻ ട്വന്റി20 ടീമിലെത്തിയതിനു പിന്നാലെ അലിഗഢിൽ ഒരു ട്രക്കിലേക്ക് എൽപിജി സിലിണ്ടറുകൾ എടുത്തുവയ്ക്കുന്ന ഖൻചന്ദ് സിംഗിന്റെ വീഡിയോ വൈറലായിരുന്നു. പിതാവിനോട് ജോലിയുപേക്ഷിച്ച് വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്ന് റിങ്കുതന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകൾ ബൈക്കിൽ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. 2021ൽ റിങ്കുവിന് പരിക്കേറ്റപ്പോൾ അച്ഛൻ മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നുദിവസമാണ് ഉപവാസമിരുന്നത്. മകന്റെ കഴിവിനെ ആദ്യം വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാതിരുന്നതിൽ കുറ്റബോധമുണ്ടെന്ന് ആ പിതാവ് തുറന്നുപറഞ്ഞിരുന്നു.
കുടുംബത്തിനൊപ്പം ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന നഗരത്തിൽ തന്നെ പിന്നീട് റിങ്കു ഒരു ആഡംബര ബംഗ്ലാവും സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് അലിഗഢിലെ ഓസോൺ സിറ്റിയിൽ ഗോൾഡൻ എസ്റ്റേറ്റിലായിരുന്നു പിതാവിന്റെ ആഗ്രഹം പോലെ 3.5 കോടി രൂപയ്ക്ക് റിങ്കു ഒരു ബംഗ്ലാവ് സ്വന്തമാക്കിയത്. മകൻ ഇന്ത്യൻ കുപ്പായത്തിൽ ലോകകപ്പിൽ കളിക്കുന്ന വേളയിലാണ് ഖൻചന്ദിന്റെ വിടവാങ്ങൽ.
നാട്ടിലുള്ള റിങ്കുസിംഗ് വെസ്റ്റിൻഡീഡിനെതിരായ സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
