സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലാ ലിഗയിൽ ബാഴ്‌സലോണയേക്കാൾ നാല് പോയിന്റ് പിന്നിലായ ടീം, ബയേൺ മ്യൂണിക്കിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്നതിനിടെയാണ് ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് നിർണ്ണയിക്കുന്നതിൽ വന്ന വലിയ പിഴവാണ് ഇപ്പോൾ ക്ലബ്ബിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
2025 ഡിസംബറിൽ എംബാപ്പെയുടെ ഇടതുകാലിനേറ്റ പരിക്ക് പരിശോധിക്കുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ സംഘത്തിന് വലിയ അബദ്ധം സംഭവിച്ചതായി 'ദി അത്‌ലറ്റിക്' റിപ്പോർട്ട് ചെയ്യുന്നു. എംബാപ്പെയുടെ പരിക്കേറ്റ ഇടതുകാലിന് പകരം മെഡിക്കൽ സംഘം എംആർഐ (MRI) സ്‌കാൻ ചെയ്തത് ആരോഗ്യവാനായ വലതുകാലിനായിരുന്നു.
വലതുകാലിൽ പ്രശ്നങ്ങളില്ലാത്തതിനാൽ താരം പൂർണ്ണ കായികക്ഷമതയുള്ളവനാണെന്ന് മെഡിക്കൽ റിപ്പോർട്ട് നൽകി.ഇതറിയാതെ എംബാപ്പെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങി. പിന്നീട് നടത്തിയ കൃത്യമായ പരിശോധനയിൽ ഇടതുകാലിലെ ലിഗമെന്റിൽ ഭാഗികമായ കീറൽ (Partial Tear) കണ്ടെത്തി. ഇതോടെ താരം തന്റെ വ്യക്തിഗത മെഡിക്കൽ ടീമിലെ അംഗങ്ങളെ പിരിച്ചുവിടുകയും കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തു.
ഈ സംഭവം റയൽ മാഡ്രിഡിന്റെ മെഡിക്കൽ വിഭാഗത്തിന് നേരെ വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ക്ലബ്ബിന്റെ മുൻ ന്യൂട്രീഷ്യനിസ്റ്റ് ഇറ്റ്‌സിയാർ ഗോൺസാലസ് നടത്തിയ വെളിപ്പെടുത്തലുകൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. താരങ്ങളുടെ ഭക്ഷണക്രമവും സപ്ലിമെന്റുകളും തീരുമാനിക്കാൻ ക്ലബ്ബ് അധികൃതർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളെയാണ് ആശ്രയിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇത് പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്ന വാദം ശക്തമാണ്.
ജൂഡ് ബെല്ലിംഗ്ഹാം, അൽവാരോ കരേരസ് തുടങ്ങിയ പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലായത് ക്ലബ്ബിൽ വലിയ ആശങ്ക പരത്തുന്നുണ്ട്. 2023-ൽ പുറത്തുപോയ ഡോ. നിക്കോ മിഹിക്കിനെ കഴിഞ്ഞ സീസണിൽ വീണ്ടും തിരിച്ചുകൊണ്ടുവന്നെങ്കിലും മെഡിക്കൽ പിഴവുകൾ തുടരുന്നത് ടീമിനെ ബാധിക്കുന്നു.
വിവാദങ്ങൾക്കിടയിലും തന്റെ ആരോഗ്യനിലയെക്കുറിച്ച് എംബാപ്പെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പരിക്കിനെക്കുറിച്ച് ധാരാളം തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇപ്പോൾ തന്റെ മുട്ടിലെ പരിക്ക് ഭേദമായി വരികയാണെന്നും താരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
