ജയ്പൂർ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ 7 വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്. ജയ്പൂരിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (225/3).
38 പന്തിൽ 10 സിക്‌സും 7 ഫോറും ഉൾപ്പെടെ 93 റൺസ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ധ്രുവ് ജുറേൽ (പുറത്താകാതെ 38 പന്തിൽ 53), ക്യാപ്ടൻ യശ്വസി ജയ്‌സ്വാൾ (23 പന്തിൽ 43) തുടങ്ങിയവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.
സൂര്യവംശിയും യശ്വസിയും ഓപ്പണിംഗ് വിക്കറ്റിൽ 39 പന്തിൽ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയ്‌സ്വാളിനെ ആകാശ് സിംഗ് പുറത്താക്കിയ ശേഷം ക്രീസിലെത്തിയ ജൂറലും സൂര്യവംശിക്ക് മികച്ച പിന്തുണ കൊടുത്തതോടെ രാജസ്ഥാന്റെ സ്‌കോർ റോക്കറ്റ് പോലെ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 45 പന്തിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായി.
മായങ്ക് യാദവ് എറിഞ്ഞ 12-ാം ഓവറിൽ ജൂറൽ നേടിയ ഒരു ഫോറും 2 സിക്‌സും സിംഗിളും വൈഭവിന്റെ രണ്ട് സിക്‌സും സഹിതം പിറന്നത് 29 റൺസാണ്. സൂര്യവംശിയെ മൊഹ്‌സിൻ ഖാൻ പുറത്താക്കിയതിന് പിന്നാലെ പ്രിട്ടൗറിസ് (7) റണ്ണൗട്ടായി. തുടർന്നെത്തിയ ഡോണോവൻ ഫെരേയ്‌ര (പുറത്താകാതെ 10 പന്തിൽ 16) ധ്രുവ് ജുറലിനൊപ്പം ചേർന്ന് രാജസ്ഥാന്റെ ജയമുറപ്പിച്ചു.
സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. നേരത്തേ മിച്ചൽ മാർഷ് (57 പന്തിൽ 96), ജോഷ് ഇംഗ്ലിസ് (29 പന്തിൽ 60), ക്യാപ്ടൻ റിഷഭ് പന്ത് (23 പന്തിൽ35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലക്നൗവിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഇംഗ്ലിസും മാർഷും ഓപ്പണിംഗ് വിക്കറ്റിൽ വെറും 50 പന്തിൽ 109 റൺസാണ് അടിച്ചെടുത്തത്.
യഷ് പുംജ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു ഐ.പി.എൽ സീസണിൽ അമ്പത് സിക്‌സ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി വൈഭവ് സൂര്യവിശി. ഈ സീസണിൽ താരം ഇതുവരെ 53 സിക്‌സ് നേടിക്കഴിഞ്ഞു.
236.3 ആണ് വൈഭവിന്റെ സ്‌ട്രൈക്ക് റേറ്റ് ഈ സീസണിൽ. ഒരു ഐ.പി.എൽ സീസണിൽ 500 ഓ അതിൽ കൂടുതലോ റൺസ് നേടിയവരിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റാണ് ഇത്.
426 ഒരു സീസണിൽ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺസെടുത്തവരിൽ രണ്ടാം സ്ഥാനത്തെത്തി വൈഭവ്. ഈ സീസണിൽ വൈഭവ് പവർ പ്ലേയിൽ 426 റൺസ് നേടിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
