വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ എട്ട് വിക്കറ്റിന് തകർത്ത് പഞ്ചാബിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റെടുത്ത അർഷ്ദീപ് സിംഗിന്റെ ബൗളിംഗ് മികവിലാണ് പഞ്ചാബ് തകർപ്പൻ ജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.5 ഓവറിൽ 248 റൺസിന് ഓൾ ഔട്ടായപ്പോൾ 29 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. 101 പന്തിൽ 150 റൺസുമായി പുറത്താകാതെ നിന്ന പ്രഭ്‌സിമ്രാൻ സിംഗും 54 പന്തിൽ 66 റൺസടിച്ച ക്യാപ്ടൻ അഭിഷേക് ശർമയുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. രമൺദീപ് സിംഗ് 12 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു. നാലു കളികളിൽ മുംബൈയുടെ രണ്ടാം തോൽവിയാണിത്. നാലു കളികളിൽ മൂന്ന് ജയവുമായി പഞ്ചാബ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ മുൻനിരയെ തകർത്തെറിഞ്ഞത് അർഷ്ദീപ് സിംഗായിരുന്നു. ഓപ്പണർ അംഗ്രിഷ് രഘുവംശിയെ(1) വിക്കറ്റിന് മുന്നിൽ കുടുക്കിയ അർഷ്ദീപ്, പിന്നാലെ ആയുഷ് മാത്രെ(7)യെയും വിക്കറ്റിന് മുന്നില് കുടുക്കി. ക്യാപ്ടൻ ശ്രേയസ് അയ്യരെ(17) ബൗൾഡാക്കിയ അർഷ്ദീപ് സൂര്യകുമാർ യാദവിനെ(0) രമൺദീപ് സിംഗിന്റെ കൈകളിലെത്തിച്ചു.
ശിവം ദുബെയെ(17)കൂടി പുറത്താക്കി അർഷ്ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോൾ മുംബൈ 61 റൺസിലെത്തിയതേ ഉണ്ടായിരുന്നുള്ളു. സൂര്യാൻശ് ഷെഡ്‌ഗെ(44), അഥർവ അങ്കൊലേക്കർ(66), ഷാർദ്ദുൽ താക്കൂർ(43), ഹിമാൻശു സിംഗ്(19), റോയ്സ്റ്റൺ ഡയസ്(18*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപിന് പുറമെ പഞ്ചാബിനായി ക്യാപ്ടൻ അഭിഷേക് ശർമ 10 ഓവറിൽ 47 റൺസിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റിൽ 21.5 ഓവറിൽ 150 റൺസടിച്ച പ്രഭ്‌സിമ്രാൻ സിംഗും അഭിഷേക് ശർമയം ചേർന്ന് വെടിക്കെട്ട് തുടക്കമിട്ടതോടെ മുംബൈയുടെ പ്രതീക്ഷയറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്