2026 ഫിഫ ലോകകപ്പിന് ശേഷം പോർച്ചുഗൽ ടീമിനൊപ്പമുള്ള ആദ്യ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ നിരാശ. ടീമിലേക്കുള്ള മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി എന്നുറപ്പിച്ച് ആഘോഷം കഴിഞ്ഞ് റോണോ എത്തിയപ്പോഴേക്കും വാർ അത് ഗോളല്ല, ഓഫ്‌സൈഡാണെന്ന് വിധിച്ചു. അതോടെ തന്റെ 980-ാം കരിയർ ഗോൾ നേടി എന്നുറപ്പിച്ച റോണോയുടെ, പ്രശസ്തമായ 'സ്യൂ' ആഘോഷം വെറും ഒന്നുമില്ലാത്ത അവസ്ഥ ആയി മാറി. യുവേഫ നേഷൻസ് ലീഗിൽ വെയിൽസിനെതിരെ നടന്ന മത്സരത്തിലാണ് റോണോയ്ക്ക് നിരാശയുടെ പരമ്പരകൾ നേരിടേണ്ടിവന്നത്. അതേസമയം റോണോ ഗോൾ നേടിയില്ലെങ്കിലും പോർച്ചുഗൽ ഈ മത്സരത്തിൽ 1-0 എന്ന സ്‌കോറിന് വെയിൽസിനെ പരാജയപ്പെടുത്തി.
മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തി. എന്നാൽ അതിനെ ഗോളാക്കി മാറ്റുന്നതിൽ റോണോയ്ക്ക് പിഴച്ചു. റൂബൻ നെവസിന്റെ മികച്ചൊരു പാസിൽ ലഭിച്ച ഒരു നല്ല അവസരം റൊണാൾഡോ പോസ്റ്റിന് മുകളിലൂടെ അടിച്ച് പറത്തിക്കളഞ്ഞു. മത്സരത്തിൽ ഏഴോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല
മത്സരത്തിന്റെ 22-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സഹതാരം ജോവാവോ ഫെലിക്‌സ് നേടിയ ഗോളിന്റെ ബലത്തിലാണ് പോർച്ചുഗൽ വെയിൽസിനെതിരെ ജയിച്ചുകയറിയത്. ബോക്‌സിന് പുറത്തുനിന്നുള്ള ഫെലിക്‌സിന്റെ ഷോട്ട് വെയിൽസ് ക്യാപ്ടൻ ബെൻ ഡേവീസിന്റെ ശരീരത്തിൽ തട്ടി ഡിഫ്‌ളെക്റ്റായി വലയിൽ കയറുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് റോണോ വലയിലാക്കി. ഉടൻ തന്നെ കോർണർ ഫ്‌ളാഗിന് അടുത്തേക്ക് ഓടിയ റോണോ തനത് ശൈലിയിൽ 'സ്യൂ' ആഘോഷം നടത്തി. എന്നാൽ റൊണാൾഡോ ഓഫ്‌സൈഡ് സ്ഥാനത്തായിരുന്നുവെന്ന് വാർ പരിശോധനയിൽ തെളിഞ്ഞതോടെ ആഘോഷം പാഴാകുകയും സന്തോഷം നിരാശയ്ക്ക് വഴിമാറുകയും ചെയ്തു.
പിന്നീട് 67-ാം മിനിറ്റിൽ റൊണാൾഡോയെ പോർചുഗൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു, പകരം ഗോൺസാലോ റാമോസ് കളത്തിലിറങ്ങി. ഗോളൊന്നും നേടാനായില്ലെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ചെയ്ത് മടങ്ങുമ്പോൾ തങ്ങളുടെ പ്രിയതാരത്തെ വൻ കൈയടികളോടെയാണ് ലിസ്ബണിലെ ജോസെ അൽവലാഡെ സ്റ്റേഡിയത്തിലെ ആരാധകർ യാത്രയാക്കിയത്. മത്സരത്തിലുടനീളം പോർച്ചുഗൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മൊത്തം 19 ഷോട്ടുകൾ പോർച്ചുഗൽ ഉതിർത്തപ്പോൾ വെയിൽസിന് 4 എണ്ണം മാത്രമേ കണ്ടെത്താനായുള്ളൂ.
പുതിയ പരിശീലകൻ ജോർജ്ജ് ജീസസിന് കീഴിൽ പോർച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി പോർച്ചുഗൽ മുന്നേറ്റം തുടരുന്നു. ഞായറാഴ്ച ഓസ്ലോയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ പോർച്ചുഗൽ നോർവേയെ നേരിടും. ഏർലിംഗ് ഹാലൻഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ എത്തുമ്പോൾ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
