ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് നോർവേ. ലോകകപ്പിലെ തന്റെ ആദ്യ മത്സരം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ട് നോർവേയ്ക്കായി ഇരട്ട ഗോളുകൾ നേടി.
ലിയോ ഓസ്റ്റിഗാർഡ് ഒരു ഗോൾ നേടിയപ്പോൾ, അവസാന നിമിഷത്തിൽ പിറന്ന ഒരു സെൽഫ് ഗോളാണ് നോർവേയുടെ ഗോൾപട്ടിക തികച്ചത്. ഇറാഖിന്റെ ആശ്വാസ ഗോൾ അയ്മൻ ഹുസൈന്റെ ബൂട്ടിൽ നിന്നായിരുന്നു. ജയത്തോടെ നോർവേ ഫുട്‌ബോൾ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലും കുറിക്കപ്പെട്ടു. ലോകകപ്പിലോ യൂറോ കപ്പിലോ നോർവേ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.
മത്സരത്തിന്റെ തുടക്കം മുതൽ നോർവേ ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. കളിയിലെ 29-ാം മിനിറ്റിൽ ബോക്‌സിലേക്ക് വന്ന കൃത്യതയാർന്ന ഒരു ലോ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് ഹാളണ്ട് നോർവേയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഇറാഖ് തയ്യാറായിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ ഇറാഖിന്റെ സൂപ്പർ സ്‌ട്രൈക്കർ അയ്മൻ ഹുസൈൻ ഒരു ഉജ്ജ്വല ഹെഡ്ഡറിലൂടെ ഗോൾ മടക്കി കളി സമനിലയിലാക്കി (1-1).
രണ്ടാം പകുതിയിൽ നോർവേ കളി കൂടുതൽ ഉണർന്നു കളിച്ചു. 51-ാം മിനിറ്റിൽ ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസ്സന്റെ ഒരു ക്ലിയറൻസ് പിഴവ് ഹാളണ്ട് മുതലെടുത്തു. ഗോൾകീപ്പർ അടിച്ച പന്ത് ഓടിയടുത്ത ഹാളണ്ടിന്റെ ശരീരത്തിൽ തട്ടി ഇറാഖ് വലയിലേക്ക് തന്നെ കയറി (2-1).
മത്സരത്തിന്റെ 77-ാം മിനിറ്റിൽ നോർവേ ക്യാപ്ടൻ മാർട്ടിൻ ഒഡെഗാർഡ് എടുത്ത മനോഹരമായ കോർണർ കിക്ക് ഉയർന്നു ചാടി ഹെഡ്ഡ് ചെയ്ത് ലിയോ ഓസ്റ്റിഗാർഡ് നോർവേയുടെ ലീഡ് 3-1 ആക്കി ഉയർത്തി.
ഇറാഖ് പ്രതിരോധ നിര വരുത്തിയ മാർക്കിങ് പിഴവാണ് ഗോളായി മാറിയത്. ഇതിന് പിന്നാലെ ഒഡെഗാർഡിനെ പിൻവലിച്ചപ്പോൾ ക്യാപ്ടന്റെ ആംബാൻഡ് ഹാളണ്ടിന് കൈമാറി.
കളിയുടെ ഇഞ്ചുറി ടൈമിൽ (90+7') ഹാളണ്ടിന്റെ ഒരു ഹെഡ്ഡർ ഇറാഖ് ബോക്‌സിൽ വൻ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇറാഖ് പ്രതിരോധ താരം ഹാഷിമും ഗോൾകീപ്പറും പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ, ആദ്യ പകുതിയിൽ ഇറാഖിനായി ഗോൾ നേടിയ അയ്മൻ ഹുസൈന്റെ ശരീരത്തിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (ഓൺ ഗോൾ). ഇതോടെ നോർവേ 4-1 ന്റെആധികാരിക ജയം ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
