ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 12 റൺസിന് കീഴടക്കി ലക്‌നൗ സൂപ്പർ ജയ്ന്റ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയ്ന്റ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഒരുഘട്ടത്തിൽ വിജയവഴിയിലായിരുന്ന മുംബയ്‌യെ ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ലക്‌നൗ തളയ്ക്കുകയായിരുന്നു. സൂര്യകുമാർ യാദവ് (43 പന്തിൽ 67), നമൻ ധിർ (24 പന്തിൽ 46) എന്നിവർ മുംബയ്ക്കായി നന്നായി ബാറ്റ് ചെയ്തു. ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും ( 16 പന്തിൽ 28) ഭേദപ്പെട്ട പ്രകടനം നടത്തി. ഒരുഘട്ടത്തിൽ വിജയവഴിയിൽ ആയിരുന്ന മുംബയ്‌യെ ഡെത്ത് ഓവറുകളിൽ മികച്ച ബൗളിംഗിലുടെ ലക്‌നൗ വീഴ്ത്തുകയായിരുന്നു. 17-ാം ഓവറിൽ സൂര്യ പുറത്തായത് നിർണായകമായി. 19-ാം ഓവർ എറിഞ്ഞ ഷർദുൽ 7 റൺസ് മാത്രമാണ് വഴങ്ങിയത്. ആവേശ് ഖാൻ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സ് വഴങ്ങിയെങ്കിലും പിന്നീട് നന്നായി എറിഞ്ഞു. 4 ഓവറിൽ 21 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തി ദിഗ്‌വേഷ് സിംഗാണ് കളിയിലെ താരം.
ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും (31 പന്തിൽ 60), എയ്ഡൻ മർക്രത്തിന്റെയും (38 പന്തിൽ 53) അർദ്ധസെഞ്ച്വറികളാണ് ലക്നൗവിനെ 200 കടത്തിയത്. ഐ.പി.എല്ലിൽ പവർപ്ലേയിൽ 30 ബോൾ നേരിടുന്ന ആദ്യ താരമെന്ന റെക്കാഡും മാർഷ് സ്വന്തമാക്കി. ആയുഷ് ബധോനി (19 പന്തിൽ 30), ഡേവിഡ് മില്ലർ (14 പന്തിൽ 27) എന്നിവരും ലക്നൗ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്ടൻ റിഷഭ് പന്ത് (2) വീണ്ടും നിരാശപ്പെടുത്തി.
മാർഷും മർക്രവും ഒന്നാം വിക്കറ്റിൽ 7 ഓവറിൽ 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡെത്ത് ഓവറുകളിൽ മികച്ച ബൗളിംഗ് പുറത്തെടുത്ത മുംബയ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ 5 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 36 റൺസ് വഴങ്ങിയാണ് ഹാർദികിന്റെ 5 വിക്കറ്റ് നേട്ടം. ഒരു ഐ.പി.എൽ ക്യാപ്ടന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഒരു മത്സരത്തിൽ 5 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഐ.പി.എൽ ക്യാപ്ടനും പാണ്ഡ്യയാണ്.
മലയാളിതാരം വിഘ്നേഷ് പുത്തൂരും ട്രെൻഡ് ബോൾട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ കളികളിൽ തിളങ്ങാതിരുന്ന ഓപ്പണർ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്നലെ മുംബയ് ഇന്ത്യൻസ് ഇറങ്ങിയത്. രോഹിതിന് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റെന്നാണ് ക്യാപ്ടൻ ഹാർദിക് ടോസിന്റെ സമയത്ത് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്