ന്യൂഡൽഹി: മൂന്നുദിവസം കൊണ്ട് നാലു നഗരങ്ങളിൽ നിന്ന് ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന് നന്ദി പറഞ്ഞ് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മടങ്ങി. ശനിയാഴ്ച കൊൽക്കത്തയിൽ തുടങ്ങി ഇന്നലെ ഡൽഹിയിൽ അവസാനിച്ച ഗോട്ട് ഇന്ത്യ ടൂറിൽ പതിനായിരക്കണക്കിന് ആരാധകരാണ് മെസിയെ കാണാനെത്തിയത്. കൊൽക്കത്തയിൽ മാത്രമാണ് സംഘാടനപ്പിഴവുകൊണ്ട് പ്രശ്‌നങ്ങളുണ്ടായത്.
ആദ്യ ദിവസം ഹൈദരാബാദിലും രണ്ടാം ദിവസം മുംബയ്‌യിലും ഇന്നലെ ഡൽഹിയിലും നടന്ന പരിപാടികൾ ശുഭപര്യവസായികളായിരുന്നു. ഈ ദിവസങ്ങളിൽ തനിക്ക് ലഭിച്ച സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞാണ് മെസി മടങ്ങിയത്. ഇന്ത്യയിലേക്ക് ഇനിയും വരുമെന്നും ഇനി വരുന്നത് ഫുട്‌ബോൾ കളിക്കാനായിരിക്കുമെന്നും മെസി പറഞ്ഞു. ഇത് കേരളത്തിനും പ്രതീക്ഷ നൽകുന്നതായി.
സൗഹൃദ മത്സരത്തിനായി അർജന്റീന ടീമിനൊപ്പം കഴിഞ്ഞമാസം മെസി കേരളത്തിലേക്ക് വരേണ്ടതായിരുന്നെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ അത് മുടങ്ങി. അടുത്ത ഇന്റർനാഷണൽ വിൻഡോയിൽ കേരളത്തെ പരിഗണിക്കാമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. കളിക്കാനായി എത്തുമെന്ന മെസിയുടെ വാക്കുകളിലൂടെ കേരളത്തിന്റെ പ്രതീക്ഷയും തളിർക്കുകയാണ്.
ആവേശത്തിലാറാടി ഡൽഹി
രാജ്യതലസ്ഥാനത്ത് ഫുട്‌ബോൾ ഇതിഹാസത്തിന് രാജകീയ വരവേൽപ്പാണിന്നലെ ലഭിച്ചത്. വിമാനം വൈകിയതിനാൽ പ്രതീക്ഷിച്ചതിലും മൂന്നുമണിക്കൂർ വൈകിയാണ് മെസിയും സംഘവും ഡൽത്തിയിലെത്തിയത്. വൈകിട്ട് ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മെസിയെത്തിയപ്പോൾ മുതൽ കാണികൾ ആവേശഭരിതരായി.
ആദ്യം മിനർവ അക്കാദമിയിലെ 22 കുരുന്നു ഫുട്‌ബോൾ താരങ്ങളുമായുള്ള 'ഫുട്‌ബോൾ ക്ലിനിക്' പരിപാടിയിലാണ് മെസി പങ്കെടുത്തത്. അരമണിക്കൂറിലേറെ സമയം സ്റ്റേഡിയത്തിൽ ചെലവഴിച്ചു. സ്പാനിഷിൽ സംസാരിച്ച് കാണികളെ അഭിസംബോധന ചെയ്തു. തുടർന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷാ എന്നിവർ മെസിയെ വരവേറ്റു.
മെസിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി ജയ് ഷാ സമ്മാനിച്ചു. ഒപ്പം ക്രിക്കറ്റ് ബാറ്റും അടുത്തവർഷം നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റും നൽകി. മെസ്സിക്കൊപ്പമുണ്ടായിരുന്ന ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കും ജഴ്‌സി സമ്മാനിച്ചു.
ഇവിടെനിന്ന് പുരാന ഖിലയിലേക്ക് പോയ മെസി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി, അർജന്റീനിയൻ അംബാസഡർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ സന്ദർശിച്ചു.
പ്രധാനമന്ത്രിയെ കണ്ടില്ല
ഡൽഹിയിൽവച്ച് മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും റദ്ദാക്കി. പ്രധാനമന്ത്രി ഇന്നലെ ജോർദാൻ സന്ദർശനത്തിനായി പുറപ്പെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ച റദ്ദാക്കേണ്ടിവന്നത്. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോളിവുഡ് താരം വരുൺ ധവാൻ ഉൾപ്പടെയുള്ളവർ മെസ്സിയെ സ്വീകരിക്കാനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല.
സ്റ്റേഡിയത്തിലെ വിരാട് കോഹ്ലി പവലിയനിനു മുന്നിലൂടെ മെസി നടന്നു നീങ്ങിയപ്പോൾ 'കോഹ്ലി, കോഹ്ലി' എന്ന് ആളുകൾ ആർത്തുവിളിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ ബൈചുംഗ് ബൂട്ടിയ മെസിയെ കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഈ സ്‌നേഹം വലിയ അത്ഭുതമായി തോന്നുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച വരവേൽപ്പ് അവിസ്മരണീയമായിരുന്നു. ഇനിയൊരിക്കൽ ഒരു മത്സരം കളിക്കാനായി ഈ മണ്ണിലേക്ക് വരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌നേഹത്തിന് ഓരോ ഇന്ത്യക്കാരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ലയണൽ മെസി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
