പിറവം: മാതൃത്വത്തിന്റെ മഹത്വത്തെയും അമ്മമനസിന്റെ ഉറവവറ്റാത്ത സ്‌നേഹത്തെയും ആദരിച്ചുകൊണ്ട് സമൂഹത്തിൽ അവശതയനുഭവിക്കുന്ന നിർധന വിധവകളായ നൂറുകണക്കിന് അമ്മമാർക്ക് പുതുവർഷത്തിൽ ഫോമായുടെ കൈനീട്ടം. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ആഭിമുഖ്യത്തിൽ പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന 14 -ാമത് 'അമ്മയോടൊപ്പം', കാരുണ്യം കരങ്ങളിലേയ്ക്ക് പരിപാടിയിൽ 600ലധികം അമ്മമാർക്കാണ് സ്‌നേഹക്കിറ്റുകൾ സമ്മാനിച്ചത്. അമ്മമാരെ നെഞ്ചോട് ചേർത്തുകൊണ്ട് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന ചടങ്ങിൽ ഫോമാ ഭാരവാഹികളും സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ആശംസകളോടെ സാന്നിധ്യമറിയിച്ചു.
''പ്രായത്തിന്റെയും രോഗത്തിന്റെയുമൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അമ്മമാരുടെ മുഖത്തെ ആഹ്ലാദവും ചിരിയും കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. രാജ്യസഭാംഗം എന്ന നിലയിൽ നിരവധി സമ്മേളനങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ടെങ്കിലും കേരളത്തിൽ ഇത്തരത്തിൽ വ്യത്യസ്ത്യമായ മറ്റൊരു പ്രോഗ്രാം കണ്ടിട്ടില്ല. മനസുനിറയുന്ന മഹത്തായ ജീവകാരുണ്യത്തിന്റെ പ്രതീകമായ ഒരു സമ്മേളനം നടത്തിയതിൽ ഫോമായെ നിറമനസോടെ അഭിനന്ദിക്കുന്നു. പിറവത്ത് മാത്രം ഒതുക്കാതെ കേരളത്തിലെ പാവപ്പെട്ട അമ്മമാരുടെ വലിയ ഒരു പ്രോജക്ടായി ഫോമാ ഇത് വിപുലമാക്കണം. അമ്മയോടൊപ്പം എന്നതിനേക്കാൾ മികച്ച വേറൊരു പേര് ഈ ചാരിറ്റിക്ക് ചേരില്ല എന്നും പറയട്ടെ...'' സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 13 വർഷം തുടർച്ചയായി നടക്കുന്ന അമ്മയോടൊപ്പം പരിപാടിക്ക് നേതൃത്വം വഹിക്കാനും നിർധനർക്ക് ആശ്വാസമെത്തിക്കാനും സാധിച്ചതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്നും വരും വർഷങ്ങളിലും പദ്ധതി മുടങ്ങാതെ നടത്താൻ തങ്ങൾക്ക് ശേഷം ചുമതലയേൽക്കുന്ന ഫോമാ ഭരണസമിതിയോട് നിർദേശിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ജാതി മത ചിന്തകൾക്കും രാഷ്ട്രീയത്തിനും എല്ലാം അതീതമായി ഏവരെയും ഒരേ മനസോടെ കണ്ടുകൊണ്ടാണ് ഫോമാ ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഇത് ജൻമനാടിനോടുള്ള ഫോമായുടെ നിറഞ്ഞ സ്‌നേഹമാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. പരിപാടി കോ -ഓർഡിനേറ്റ് ചെയ്ത രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം.
തുടർന്ന് സ്‌നേഹക്കിറ്റുകളുടെ വിതരണം സാജ് ഗ്രൂപ്പിന്റെ സാരഥി സാജൻ വർഗീസും ഭാര്യ മിനി സാജനും ചേർന്ന് നിർവഹിച്ചു. അമ്മമാർക്കെല്ലാം ആയുരാരോഗ്യ സൗഖ്യം നേർന്ന സാജൻ വർഗീസ് ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവർഷം ആശംസിച്ചു. വസ്ത്രവും ധാന്യക്കിറ്റും നാഗാർജുന മെഡിക്കൽ കിറ്റും സഹായ ധനവും സ്‌നേഹ വിരുന്നും നൽകിയാണ് അമ്മമാരെ ആദരിച്ചത്. ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, നാഷണൽ കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ എന്നിവർക്കൊപ്പം ഫോമാ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചാരിറ്റിയുടെ വിളംബരമായ 'അമ്മയോടൊപ്പം' പരിപാടിയിൽ പ്രാർത്ഥനാനിരതരായി.
രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ചെയർമാനും പിറവം നഗരസഭയുടെ മുൻ ചെയർമാനുമായ സാബു കെ ജേക്കബാണ്, മാതൃകാപരവും മനുഷ്യത്വം നിറഞ്ഞതുമായ വേദിയിൽ സ്വാഗതം ആശംസിച്ചത്. പരിപാടി ഇത്രയും ഭംഗിയാക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ച സാബു ജേക്കബ് ജനസമ്മതനായ പൊതു പ്രവർത്തകനാണ്. അദ്ദേഹം നിയമസഭയിലെത്തേണ്ട വ്യക്തിയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. മൺമറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആശീർവാദത്തോടെ 2013ൽ രാജീവ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അമ്മയോടൊപ്പം പരിപാടി ഇത് രണ്ടാം വട്ടമാണ് ഫോമാ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ആശാവർക്കർമാർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ സാജൻ വർഗീസിനെയും ഭാര്യ മിനി സാജനെയും സാബു കെ ജേക്കബിനെയും ഫോമാ പൊന്നാടയണിയിച്ച് ആദരിച്ചു.
ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനും ന്യൂയോർക്ക് മെട്രോ റീജിയൻ മുൻ ആർ.വി.പി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ച വ്യക്തിയുമായ സ്റ്റാൻലി കളത്തിൽ, ഫോമാ ലാംഗ്വേജ് ആന്റ് എജ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ സാമുവൽ മത്തായി, വെസ്റ്റേൺ റീജിയൻ ആർ.വി.പി ജോൺസൺ ജോസഫ്, ജുഡീഷ്യൽ കമ്മറ്റി അംഗം ലാലി കളപ്പുരയ്ക്കൽ, കൈരളി ടി.വി. യു.എസ്.എ ഡയറക്ടർ ജോസ് കാടാപുറം, സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകൻ മാത്യു വർഗീസ്, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ്, ഓർമ്മ വില്ലേജ് സാരഥി ജോസ് പുന്നൂസ്, മാധ്യമ പ്രവർത്തകനായ മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ ഫോമാ പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു.
മുൻ എം.എൽ.എ എം.ജെ ജേക്കബ്, സംസ്ഥാന ഭക്ഷ്യ സുരക്ഷ അംഗം കെ.എം സുഗതൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലീം, നാഗാർജ്ജുന ഏരിയ സെയിൽസ് മാനേജർ കെ.വി സന്തോഷ് കുമാർ, റോട്ടറി ഇന്റർനാഷണലിന്റെ ഡോ. എ.സി പീറ്റർ, നഗരസഭാ മുൻ ചെയർ പേഴ്‌സൺ അഡ്വ. ജൂലി സാബു, ഏലിയാമ്മ ഫിലിപ്പ്, നഗരസഭാ കൗൺസിലർ ഉണ്ണി വല്ലയിൽ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. ഫോമാ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ് ഏവർക്കും ഹൃദയപൂർവം കൃതജ്ഞത പ്രകാശിപ്പിച്ചു. സിബി പൗലോസായിരുന്നു എം.സി.
ഫോമായുടെ ആഭിമുഖ്യത്തിൽ വിജയകരമായി സമാപിച്ച അമ്മയോടൊപ്പം പരിപാടി കേരളമാകെ വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് ചടങ്ങിൽ സംസാരിച്ച ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്. ജന്മനാടും അമേരിക്കൻ മലയാളികളും തമ്മിലുള്ള സ്‌നേഹത്തിന്റെ പാലമാണ് അമ്മയോടൊപ്പം പരിപാടി ഇത്തവണയും തീർത്തത്. സമൂഹത്തിന്റെ ആർക്കിടെക്ടുകളാണ് അമ്മമാർ. ഫോമാ കേരളത്തിൽ നടപ്പാക്കിയിട്ടുള്ള പരിപാടികളിൽ ഏറ്റവും അഭിമാനകരമാണ് നിർധന അമ്മമാർക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതി. ഫോമായുടെ കാരുണ്യം അങ്ങനെ ഒട്ടനവധി അമ്മമാരുടെ കരങ്ങളിലേക്കെത്തി.
എ.എസ് ശ്രീകുമാർ, ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
