ഇന്ത്യൻ ടേബിൾ ടെന്നീസ് താരം മണിക ബത്ര ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴുവാക്കിയതിനെതിരെ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് (TTFI) എതിരെ നിയമനടപടിക്കൊരുങ്ങുന്നു. തരംതാഴ്ത്തലിൽ വ്യക്തവും വസ്തുതാപരവുമായ വിശദീകരണം നൽകണമെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ട മണിക ബത്ര വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെയും ഇടപെടൽ തേടിയിട്ടുണ്ട്.
ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കണമെന്ന ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് മണികയെ 10 അംഗ പ്രധാന ടീമിൽ നിന്ന് ഒഴിവാക്കി റിസർവ് പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ താൻ ടീമിൽ ഇടം പിടിക്കാനോ പ്രത്യേക പരിഗണനയ്ക്കോ വേണ്ടിയല്ല സംസാരിക്കുന്നതെന്നും മറിച്ച് ഫെഡറേഷന്റെ തീരുമാനത്തിന് പിന്നിലെ സുതാര്യത അറിയാനാണെന്നും മണിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഏഷ്യൻ ഗെയിംസ് ടീമിൽ ഇടം ചോദിക്കുകയാണെന്ന് പലരും പറയുന്നത് കേട്ടു. വ്യക്തമാക്കാം, ഞാൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആവശ്യപ്പെടുന്നില്ല. ഈ തീരുമാനത്തിന് പിന്നിലെ ഉത്തരങ്ങളാണ് എനിക്ക് വേണ്ടത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ എന്റെ ലീഗൽ ടീം വഴി നിയമനടപടികളുമായി മുന്നോട്ട് പോകും." — മണിക ബത്ര പറഞ്ഞു.
തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങൾ കാരണമാണ് തനിക്ക് ആഭ്യന്തര (Domestic) ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് നിലവിൽ ലോക റാങ്കിംഗിൽ 51-ാം സ്ഥാനത്തുള്ള മണിക ചൂണ്ടിക്കാട്ടി. തന്നെ ഒഴിവാക്കാൻ വോട്ട് ചെയ്ത സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ എത്രപേർക്ക് ഒളിമ്പിക്സിലോ ഏഷ്യൻ ഗെയിംസിലോ കളിച്ച പരിചയമുണ്ടെന്നും മണിക ചോദ്യം ഉയർത്തി.
അതേസമയം, നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ അചാന്ത ശരത് കമൽ ഫെഡറേഷന്റെ തീരുമാനത്തെ പിന്തുണച്ചു. എങ്കിലും രാജ്യത്തെ ഏറ്റവും മികച്ച കളിക്കാർ തന്നെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
