സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ എം. ഷഫീഖ് ഹസൻ പരിശീലിപ്പിക്കും. ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ ഷഫീഖ് പരിശീലിപ്പിച്ച കേരള ടീം സ്വർണം നേടിയിരുന്നു. 28 വർഷത്തിനു ശേഷമായിരുന്നു കേരളത്തിന്റെ നേട്ടം.
മുപ്പത്തൊമ്പതുകാരൻ നിലവിൽ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിന്റെ സഹ പരിശീലകനാണ്. സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല.
തിരുവനന്തപുരം സ്വദേശി എബിൻ റോസാണ് സഹപരിശീലകൻ. സന്തോഷ് ട്രോഫി താരമായിരുന്ന എബിൻ നിലവിൽ കോവളം എഫ് സിയുടെ പരിശീലകനാണ്.
അടുത്ത വർഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന കേരളം നേരിട്ട് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.
വയനാട് കാപ്പംകൊല്ലി പാലവയൽ സ്വദേശിയാണ് ഷഫീഖ് ഹസൻ. പ്രതിരോധ താരമായിരുന്ന ഷഫീഖ് പരിക്ക് കാരണം 22-ാം വയസിൽ പരിശീലക വേഷമണിഞ്ഞു. 2011ൽ അണ്ടർ 10 വയനാട് ജില്ല ടീമിനെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നാലെ സീനിയർ ടീം, സബ് ജൂനിയർ ടീമുകളേയും പരിശീലിപ്പിച്ചു. 2012 -13 വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല ടീമിന്റെ സഹപരിശീലകനായി. 2017ൽ ഷഫീഖിന്റെ പരിശീലനത്തിൽ ഇറങ്ങിയ അണ്ടർ 17 കേരള ടീം ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. 2016 മുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ പ്രീമിയർ സ്‌കിൽസ് പദ്ധതിയുടെ ഇന്ത്യയിലെ ഇൻസ്ട്രക്ടർമാരിൽ ഒരാളാണ് ഷഫീഖ്.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ എ ലൈസൻസ് ഡിപ്ലോമ നേടിയിട്ടുണ്ട് ഷഫീഖ് ഹസൻ. തെലങ്കാന ഫുട്ബാൾ അസോസിയേഷന്റെ സെക്കൻഡ് ഡിവിഷൻ ലീഗിൽ ശ്രീനിധി ഡെക്കാൻ എഫ് സിയുടെ റിസർവ് ടീമിനെ ചാമ്പ്യന്മാരാക്കിയതിനു ശേഷമാണ് ഷഫീഖ് കണ്ണൂർ വാരിയേഴ്‌സിലെത്തുന്നത്. തെലങ്കാന സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കൈവിട്ട സന്തോഷ് ട്രോഫി തിരികെ കേരളത്തിലെത്തിക്കാനാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ ടീമിന്റെ ചുമതല ഷഫീഖ് ഹസനെ ഏൽപിക്കാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
