ന്യൂയോർക്ക്: കരിയറിൽ 900 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലെത്തി അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. കഴിഞ്ഞരാത്രി അമേരിക്കൻ ക്‌ളബ് ഇന്റർ മയാമിക്ക് വേണ്ടി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ നാഷ്‌വിലെ എസ്.സിക്ക് എതിരെ ഗോൾ നേടിയാണ് മെസ്സി ഈ നേട്ടത്തിലെത്തിയത്. എന്നാൽ മെസ്സി ഗോൾ നേടിയിട്ടും മത്സരം 1-1ന് സമനിലയിലായതിനാൽ ഇന്റർ മയാമി ചാമ്പ്യൻസ് കപ്പിൽ നിന്ന് പുറത്തായി.
കരിയറിൽ 900 ഗോളുകളിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസ്സി. സമകാലീനനായ പോർച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോയെക്കാൾ കുറച്ചു മത്സരങ്ങൾ മാത്രമാണ് മെസ്സിക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടിവന്നത്.
1142 മത്സരങ്ങളിൽ നിന്നാണ് മെസ്സി 900 ഗോളുകൾ തികച്ചത്. ക്രിസ്റ്റ്യാനോ തന്റെ 1296 -ാമത്തെ മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്.
765 ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം പെലെയാണ് ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും പിന്നിലുള്ളത്. നാലാം സ്ഥാനം പോളണ്ടിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്കാണ്; 690 ഗോളുകൾ.
2004ൽ സ്പാനിഷ് ക്‌ളബ് ബാഴ്‌സണോണയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ മെസ്സി അവർക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്; 672 എണ്ണം. 32 ഗോളുകൾ പാരീസ് എസ്.ജിക്കും 81 ഗോളുകൾ ഇന്റർ മയാമിക്കും വേണ്ടി നേടി.
115 ഗോളുകളാണ് അർജന്റീന ടീമിന് വേണ്ടി മെസ്സി നേടിയത്.
ഒരു വർഷം ഏറ്റവും കൂടുതൽ ഗോളുകളടിച്ച റെക്കോർഡ് മെസ്സിയുടെ പേരിലാണ്. 2012ൽ രാജ്യത്തിനും ക്‌ളബിനും വേണ്ടി നേടിയത് 91 ഗോളുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
