പൂനെ: വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പൂനെ. പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ വിശാൽ അഗർവാൾ (26) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിശ്രുത വധു സിയ ഗോയലിനെ (20)യും കാമുകൻ ചേതൻ ബാബുലാൽ ചൗധരി (22)യും അറസ്റ്റിലായി. കാമുകനൊപ്പം ജീവിക്കാനാണ് സിയ ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ വർഷം നടന്ന ഒരു ബിസിനസ് മീറ്റിംഗിലാണ് ബേക്കറി നടത്തുന്ന സിയ, ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ് നടത്തുന്ന ചേതനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെയാണ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സക്സസ് ഗ്രൂപ്പിന്റെ ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ കേതനുമായി സിയയുടെ വിവാഹനിശ്ചയം ഈ വർഷം ഫെബ്രുവരിയിൽ നടക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ അസന്തുഷ്ടനായിരുന്ന ചേതൻ, കേതനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജൂൺ 18നാണ് കൊലപാതകം നടന്നത്. ലോഹഗഡ് കോട്ടയിൽ ചിത്രങ്ങൾ പകർത്തുന്നതിനിടെ സിയയും ചേതനും ചേർന്ന് കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. ആദ്യം അബദ്ധത്തിൽ കാൽ വഴുതി വീണുമരിച്ചതാണെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് പൊലീസ് അന്വേഷണം വഴിത്തിരിവിലെത്തി.
കേസിൽ നിർണായകമായത് ഒരു സിസിടിവി ദൃശ്യമായിരുന്നു. ജൂണിലെ 33 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഒരു യുവാവ് ഹൂഡി ധരിച്ച് നടക്കുന്നത് പൊലീസ് ശ്രദ്ധിച്ചു. ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സിയയെയും കേതനെയും ഈ യുവാവ് പിന്തുടരുന്നതായി പിന്നീട് കണ്ടെത്തി. അന്വേഷണം പുരോഗമിച്ചപ്പോൾ ഹൂഡി ധരിച്ച ആൾ ചേതൻ തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാനായി സ്വന്തം ഫോൺ കടയിൽ വെച്ചശേഷം ജീവനക്കാരന്റെ ഫോൺ ഉപയോഗിച്ചാണ് ചേതൻ ലോഹഗഡിലെത്തിയത്. രാവിലെ ഏഴുമുതൽ വൈകിട്ട് 5.40 വരെ ഇയാളുടെ ഫോണിൽ ഇന്റർനെറ്റ് ഓഫായിരുന്നതും പൊലീസിന്റെ സംശയം ശക്തമാക്കി. അന്ന് ചേതന്റെ നമ്പറിലേക്ക് വിളിച്ചവരോട് സംസാരിച്ചത് ഇയാൾ അല്ല, കടയിലെ ജീവനക്കാരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കേസ് അന്വേഷിച്ച പൊലീസ് സിയയുടെ ഫോൺ രേഖകളും പരിശോധിച്ചു. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ആയിരത്തിലധികം കോളുകൾ ചേതനുമായി നടത്തിയതായി കണ്ടെത്തി. തുടർന്ന് ചേതന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഹൂഡി ധരിച്ച യുവാവിന്റെ ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വിവാഹം വേണ്ടെന്നുവച്ച് ചേതനൊപ്പം ഒളിച്ചോടാൻ സിയ തയ്യാറായിരുന്നില്ലെന്നും, അങ്ങനെ ചെയ്താൽ കുടുംബത്തിന് അപമാനമാകുമെന്നായിരുന്നു യുവതിയുടെ മൊഴിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ വിവാഹം നീട്ടിവയ്ക്കാനാകുമോ എന്ന് സിയ കേതന്റെ കുടുംബത്തോട് ആവശ്യപ്പെട്ടതായും കണ്ടെത്തി.
ഇത് ആദ്യ ശ്രമമല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. മേയ് 31ന് സിയ കേതനെ ലോഹഗഡിലേക്ക് കൊണ്ടുപോയിരുന്നു. ജൂൺ 14നും കേതനെ പാറക്കെട്ടിൽ നിന്ന് തള്ളിയിടാൻ സിയ ശ്രമിച്ചതായി പൊലീസ് പറയുന്നു. എന്നാൽ കുറ്റിക്കാട്ടിൽ പിടിച്ചുനിന്നതിനാൽ അന്ന് കേതൻ രക്ഷപ്പെട്ടു. അന്ന് പാമ്പിനെ കണ്ടതിനെ തുടർന്നാണ് തള്ളിയതെന്നും രക്ഷിക്കാനായിരുന്നു ശ്രമമെന്നുമാണ് സിയ പറഞ്ഞത്.
ജൂൺ 18ന് വീണ്ടും ജന്മദിനാഘോഷത്തിന്റെയും പ്രീ-വെഡ്ഡിംഗ് ഷൂട്ടിന്റെയും പേരിൽ കേതനെ ലോഹഗഡിലെത്തിച്ച ശേഷമാണ് കൊലപാതകം നടപ്പാക്കിയത്. കേതനെ തള്ളിയിട്ടതിന് പിന്നാലെ സിയ തന്നെയാണ് പൊലീസിനെ വിളിച്ച് കാൽ വഴുതി വീണതായി അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നിലവിൽ സിയയും ചേതനും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
