തിരുവനന്തപുരം: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെയും കുടുംബിനികളുടെയും യഥാർഥ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ രാഷ്ട്രീയ പ്രവർത്തകർ പരാജയപ്പെട്ടുവെന്ന സ്വയംവിമർശനമാണ് താൻ നടത്തിയതെന്നും, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി വിശദീകരണം നൽകിയത്. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയതെന്നും, അതിനെ അഭിനന്ദിക്കുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
"കേരളത്തിലെ കുടുംബിനികളുടെ യഥാർഥ പ്രശ്നം മനസ്സിലാക്കിയാണ് ഈ പദ്ധതി കൊണ്ടുവന്നത്. സ്ത്രീകൾ പൊതുഗതാഗതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞത് രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി വന്നത്. അതിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്," എന്നും സി.പി. ജോൺ പറഞ്ഞു.
പൊതുവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും, മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹം കൊണ്ടാണ് മാതാപിതാക്കൾ സ്വകാര്യ സ്കൂളുകളെ തിരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇവ ജനങ്ങളുടെ അവകാശങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. ഈ സേവനങ്ങളെ ഔദാര്യമെന്ന നിലയിൽ താൻ ഒരിക്കലും അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. "ബസിന് കാശില്ലാത്ത സ്ത്രീകൾ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നു", "സർക്കാർ ആശുപത്രിയുടെ വരാന്തയിൽ ചികിത്സ തേടുന്നു", "സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണ്" തുടങ്ങിയ പരാമർശങ്ങൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
