കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

DECEMBER 30, 2024, 4:00 AM

ഹൈദരാബാദ്: ആവേശകരമായ സെമിഫൈനലിൽ മണിപ്പൂരിന്റെ യുവവീര്യത്തെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. ഡിസംബർ 31ന് രാത്രി ഏഴരയ്ക്ക് ഹൈദരാബാദിൽ നടക്കുന്ന ഫൈനലിൽ പശ്ചിമബംഗാളിനെയാണ് കേരളം നേരിടേണ്ടത്. ഹാട്രിക് നേടിയ പി.പി. മുഹമ്മദ് റോഷൽ, ഓരോ ഗോളടിച്ച നസീബ് റഹ്മാൻ, മുഹമ്മദ് അജ്‌സൽ എന്നിവരാണ് കേരളത്തിന് ജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 26-ാം മിനിട്ടിൽ നസീബ് റഹ്മാനിലൂടെയാണ് കേരളം സ്‌കോറിംഗ് തുടങ്ങിയത്. ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ നസീബിന്റെ എട്ടാമത്തെ ഗോളായിരുന്നു ഇത്. എന്നാൽ എട്ടുമിനിട്ടിനകം ഡിഫൻഡർ ഷുൻജാൻതൻ രഗൂയിയിലൂടെ മണിപ്പൂർ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ തന്നെ അജ്‌സലിലൂടെ വീണ്ടും മണിപ്പൂരിന്റെ വല ചലിപ്പിക്കാനായത് കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു.

68-ാം മിനിട്ടിൽ നിജോ ഗിൽബർട്ടിന് പകരം പി.പി. മുഹമ്മദ് റോഷലിനെ കളത്തിലേക്ക് ഇറക്കിവിട്ട കേരളത്തിന്റെ കോച്ച് ബിബി തോമസിന്റെ തന്ത്രം 73-ാം മിനിട്ടിൽ ഫലം കണ്ടു. റോഷലിന്റെ ഗോളും കൂടി വീണതോടെ കേരളം മത്സരത്തിൽ പിടിമുറുക്കി. 88-ാം മിനിട്ടിൽ റോഷലിന്റെ രണ്ടാം ഗോളും വീണു. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇൻജുറി ടൈമിലാണ് റോഷൽ ഹാട്രിക് തികച്ചത്.

vachakam
vachakam
vachakam

ഇൻജുറി ടൈമിൽ മനോജ് മാർക്കോസ് രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി മടങ്ങിയത് മാത്രമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്.

സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ സെമിയിൽ തോൽപ്പിച്ചാണ് പശ്ചിമ ബംഗാൾ ഫൈനലിലെത്തിയത്. ഇന്നലെ നടന്ന ആദ്യ സെമിയിൽ രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ബംഗാളിന്റെ ജയം.

ആദ്യ പകുതിയിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മുന്നിട്ടുനിന്ന ബംഗാൾ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി വിജയം ആധികാരികമാക്കുകയായിരുന്നു. ബംഗാളിന് വേണ്ടി റോബി ഹൻസ്ദ രണ്ട് ഗോളുകൾ നേടി. 16-ാം മിനിട്ടിൽ മൻതോസ് മാജിയിലൂടെയാണ് ബംഗാൾ സ്‌കോറിംഗ് തുടങ്ങിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഹൻസ്ദയും നരോഹരി ശ്രേഷ്ഠയും നേടിയ ഗോളുകൾ ബംഗാളിനെ 3-0ത്തിന് മുന്നിലെത്തിച്ചു. 53-ാം മിനിട്ടിൽ ബികാഷ് താപ്പ ഒരു ഗോൾ തിരിച്ചടിച്ചു.

vachakam
vachakam
vachakam

74-ാം മിനിട്ടിൽ ബംഗാൾ താരം ജുവലിന്റെ സെൽഫ് ഗോൾ സർവീസസിന് ആവേശം പകർന്നെങ്കിലും ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ഹൻസ്ദ തന്റെ രണ്ടാം ഗോളും നേടി ബംഗാളിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam