2026 ഫുട്‌ബോൾ ലോക കപ്പിനുള്ള ഇറാൻ ടീമിന്റെ പരിശീലന ക്യാമ്പ് യുഎസിലെ അരിസോണയിൽ നിന്ന് മാറ്റാനുള്ള അഭ്യർത്ഥന ഫിഫ അംഗീകരിച്ചതിന് പിന്നാലെ പരിശീലനം മെക്‌സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലേക്ക് മാറ്റി.
ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'പസഫിക് സമുദ്രത്തിനും മെക്‌സിക്കോക്കും അമേരിക്കക്കും ഇടയിലുള്ള ടിജുവാന ക്യാമ്പിലാണ് ഞങ്ങൾ ക്യാമ്പ് ചെയ്യുന്നത്.' മെഹ്ദി താജ് ടെലിഗ്രാം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നടന്നുകൊണ്ടിരിക്കെ വിസയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാനാണ് ഇത്തരത്തിൽ ക്യാമ്പ് മാറ്റിയതെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. നിലവിൽ ഇറാൻ വിമാനങ്ങൾക്ക് യുഎസിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. എന്നാൽ ഇറാൻ എയറിൽ മെക്‌സിക്കോയിലേക്ക് പ്രശ്‌നങ്ങളില്ലാതെ പറക്കാൻ സ്‌ക്വാഡിന് കഴിയുമെന്നും താജ് കൂട്ടിച്ചേർത്തു.
ജൂൺ 15ന് ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും 26ന് ഈജിപ്തിനെതിരെയുമാണ് ഗ്രൂപ്പ് ജിയിലുളള ഇറാന്റെ മത്സരങ്ങൾ. രണ്ടു മത്സരങ്ങൾ ലോസ് ഏഞ്ചൽസിലാണ്. ഈ വേദികൾ തമ്മിലുള്ള ആകാശദൂരം ഇപ്പോൾ ക്യാമ്പ് ചെയ്യുന്ന ടിജുവാനയിൽ നിന്നും 55 മിനിറ്റ് മാത്രമാണ്. അരിസോണയിൽ ടീം മുമ്പ് ക്യാമ്പ് ചെയ്തതിനേക്കാൾ സ്റ്റേഡിയം അടുത്താണെന്നും താജ് പറഞ്ഞു.
യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഫിഫയിൽ ഇറാൻ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. യുഎസിൽ നടക്കുന്ന മത്സരങ്ങൾ മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നായിരുന്നു ഇറാൻ ആവശ്യങ്ങളിൽ പ്രധാനം.
എന്നാൽ ഫിഫ ഇക്കാര്യം അംഗീകരിച്ചില്ല. മാത്രമല്ല മതിയായ സുരക്ഷയുണ്ടെന്നും ടീമംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും സുരക്ഷയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തങ്ങളുടെ കളിക്കാർക്കും സ്റ്റാഫുകൾക്കും ഇതുവരെ യുഎസ് വിസ ലഭിച്ചിട്ടില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ ഫിഫ പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. വിസ, സുരക്ഷ, ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ ചികിത്സ എന്നിവ സംബന്ധിച്ച ഉറപ്പ് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
