2026ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) വിസമ്മതിച്ച പശ്ചാത്തലത്തിൽ, സ്വന്തം ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് ടി20 ക്യാപ്ടൻ ലിറ്റൺ ദാസ്.
ഇന്ത്യയിൽ സുരക്ഷാ കുറവുണ്ടെന്ന ബി.സി.ബിയുടെ വാദങ്ങളെ ചോദ്യം ചെയ്ത ലിറ്റൺ ദാസ്, പാകിസ്താനിലെ കടുത്ത സാഹചര്യങ്ങളിൽ കളിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ കളിച്ചുകൂടാ എന്ന് തുറന്നടിച്ചു.
ഐ.സി.സിയും ബി.സി.സി.ഐയും ആവർത്തിച്ച് സുരക്ഷാ ഉറപ്പ് നൽകിയിട്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശ് പുറത്താകുകയും അവർക്ക് പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനത്തോടുള്ള കളിക്കാരുടെ അതൃപ്തിയാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രമുഖ ബംഗ്ലാദേശി മാധ്യമമായ 'പ്രഥം ആലോ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിറ്റൺ ദാസ് ക്രിക്കറ്റ് ബോർഡിന്റെ ഒളിച്ചോട്ടത്തെ വിമർശിച്ചത്. 'ബോർഡ് ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് പോകുമ്പോൾ കളിക്കാരെന്ന നിലയിൽ ടൂർണമെന്റിൽ പങ്കെടുക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അവിടെ ചെന്നപ്പോൾ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ഞങ്ങൾ പറഞ്ഞു, നമ്മൾ ഇതിനു മുൻപ് പാകിസ്താനിലും പോയി കളിച്ചിട്ടുള്ളതാണല്ലോ എന്ന്. പാകിസ്താനിൽ ഞങ്ങൾ താമസിച്ച മുറികൾക്ക് പുറത്ത് തോക്കുകളുമേന്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിന്നത്. അതിലും അപകടകരമായി മറ്റെന്താണുള്ളത്? പാകിസ്താനിൽ കളിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ കളിച്ചുകൂടാ?'കളിക്കാരെന്ന നിലയിൽ തങ്ങൾക്ക് കളിക്കാൻ മാത്രമാണ് താല്പര്യമെന്നും എന്നാൽ ബോർഡ് നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്നും ലിറ്റൺ ദാസ് വ്യക്തമാക്കി. ജനുവരിയിൽ ഈ വിവാദം ഉയർന്ന സമയത്ത് പ്രതികരിക്കാൻ മടിച്ച താരം ഇപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്.
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പിന്മാറിയതോടെ ബംഗ്ലാദേശിന് ലോകകപ്പിൽ കളിക്കാനുള്ള വലിയ അവസരമാണ് നഷ്ടമായത്. 2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ലിറ്റൺ ദാസ് ബംഗ്ലാദേശിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളാണ്. 2018ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടി മാൻ ഓഫ് ദി മാച്ച് ആയതുൾപ്പെടെ നിരവധി മികച്ച പ്രകടനങ്ങൾ താരം നടത്തിയിട്ടുണ്ട്.
സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ രാഷ്ട്രീയപരമായ കടുത്ത നിലപാടുകൾ കാരണം കളിക്കാർക്ക് ലോകവേദി നഷ്ടമായതിലുള്ള നിരാശയാണ് ലിറ്റണിന്റെ വാക്കുകളിൽ ഉടനീളം പ്രതിഫലിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
