വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ച് ഓൾറൗണ്ടർ ദീപ്തി ശർമ്മ.
ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ട താരം, പാകിസ്താനെതിരെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് (5/10) പുറത്തെടുത്തത്. മത്സരത്തിലെ അവിശ്വസനീയ പ്രകടനത്തിന് ശേഷം വലിയ ഭക്തിയോടെയും ആത്മവിശ്വാസത്തോടെയുമാണ് ദീപ്തി പ്രതികരിച്ചത്.
ദീപ്തിയുടെ വാക്കുകൾ... ''ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു, ഹനുമാൻജി വലിയവനാണ്. എനിക്ക് ഐ.സി.സി ടൂർണമെന്റുകൾ കളിക്കാൻ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഐ.സി.സി ടൂർണമെന്റ് (ഏകദിന ലോകകപ്പ് ഫൈനൽ) ഞാൻ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെനിന്നു തന്നെയാണ് ഈ ലോകകപ്പും ഞാൻ തുടങ്ങിയിരിക്കുന്നത്.'' ദീപ്തി പറഞ്ഞു. ഈ ലോകകപ്പിന് മുൻപ് കളിച്ച 12 മത്സരങ്ങളിൽ നിന്ന് വെറും 14 വിക്കറ്റുകൾ മാത്രമായി ദീപ്തിയുടെ ഫോം കടുത്ത ചോദ്യശരങ്ങൾ നേരിടുകയായിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കൻ പര്യടനങ്ങളിൽ റൺസ് കണ്ടെത്താനോ വിക്കറ്റ് വീഴ്ത്താനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാൽ ഈ കളിയിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ (166 വിക്കറ്റുകൾ) എന്ന ലോക റെക്കോർഡും ദീപ്തി സ്വന്തമാക്കി. തായ്‌ലൻഡിന്റെ തിപാച്ച പുത്താവോങ്ങിന്റെ (165 വിക്കറ്റുകൾ) റെക്കോർഡാണ് ദീപ്തി തകർത്തത്. കൂടാതെ ജുലൻ ഗോസ്വാമിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമെന്ന ബഹുമതിയും ദീപ്തിക്ക് സ്വന്തമായി.
തന്റെ മോശം ഫോമിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ... ''സത്യം പറഞ്ഞാൽ വിക്കറ്റുകൾ കിട്ടാതിരുന്നപ്പോൾ ഞാൻ ഒട്ടും ആശങ്കപ്പെട്ടിരുന്നില്ല. ശരിയായ സമയം വരുമ്പോൾ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് കഴിയുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഞാൻ എപ്പോഴും അങ്ങനെയാണ് ചിന്തിക്കാറുള്ളതും പന്തെറിയാറുള്ളതും.'' ദീപ്തി പറഞ്ഞു. പവർപ്ലേയിൽ തന്നെ പന്തെറിയാനെത്തിയ ദീപ്തി പാകിസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു. ഗുൽ ഫെറോസ, ആയിഷ സഫർ എന്നിവരെ പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി.
തകർപ്പൻ റൺഔട്ട്: കളിയിൽ രണ്ട് തവണ ജീവൻ ലഭിച്ച് അപകടകാരിയായി മാറിയ പാക് ഓപ്പണർ മുനീബ അലിയെ (41 റൺസ്) ബാക്ക്വേഡ് പോയിന്റിൽ നിന്നും ഓടിയെത്തി നേരിട്ടുള്ള ത്രോയിലൂടെ റൺഔട്ടാക്കിയത് ദീപ്തിയായിരുന്നു. ഈ വിക്കറ്റാണ് കളിയുടെ ഗതി മാറ്റിയത്. പാകിസ്ഥാൻ ഇന്നിംഗ്‌സിന്റെ 17-ാം ഓവറിൽ വെറും 5 പന്തുകൾക്കിടയിൽ അവസാനത്തെ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി പാകിസ്താനെ 106 റൺസിൽ ഒതുക്കിയത്. 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ എന്ന കരിയറിലെ മികച്ച സ്‌പെല്ലാണ് താരം പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
