എമേർജിംഗ് ഏഷ്യാകപ്പ്: സെമിയിൽ അഫ്ഗാനോട് തോറ്റ് ഇന്ത്യ പുറത്ത്

OCTOBER 26, 2024, 3:38 PM

എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യ എയെ 20 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ എ ഫൈനലിൽ. രണ്ടാം സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തിൽ 64 റൺസെടുത്ത് അവസാന പന്തിൽ പുറത്തായ രമൺദീപ് സിംഗാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
മുൻനിരയിൽ അഭിഷേക് ശർമയും ക്യാപ്ടൻ തിലക് വർമയുമെല്ലാം നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച രമൺദീപ് സിംഗും നിഷാന്ത് സന്ധുവുമാണ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്.

ആദ്യ സെമിയിൽ പാകിസ്ഥാനെ വീഴ്ത്തിയ ശ്രീലങ്കയാണ് ഫൈനലിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികൾ. ഞായറാഴ്ചയാണ് അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക ഫൈനൽ പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ എ സെമിയിലെത്തിയത്. സ്‌കോർ അഫ്ഗാനിസ്ഥാൻ എ 20 ഓവറിൽ 206 -5, ഇന്ത്യ എ 20 ഓവറിൽ 186 -7.

അഫ്ഗാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. അള്ളാ ഗസൻഫറിനെ സിക്‌സ് അടിച്ചതിന് പിന്നാലെ അഭിഷേക് ശർമ (5 പന്തിൽ 7) അടുത്ത പന്തിൽ ക്യാച്ച് നൽകി മടങ്ങി. പ്രഭ്‌സിമ്രാൻ സിംഗ് 13 പന്തിൽ 19 റൺസെടുത്ത് നന്നായി തുടങ്ങിയെങ്കിലും പവർ പ്ലേ കടക്കാനായില്ല. അള്ളാ ഗസൻഫറിന് തന്നെയായിരുന്നു വിക്കറ്റ്. ക്യാപ്ടൻ തിലക് വർമയും(14 പന്തിൽ 16) പവർപ്ലേ തീരും മുമ്പെ ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയതോടെ ഇന്ത്യ 48-3ലേക്ക് വീണു. എന്നാൽ നാലാം വിക്കറ്റിൽ ആയുഷ് ബദോനിയും നെഹാൽ വധേരയും തകർത്തടിച്ച് ഇന്ത്യ എക്ക് പ്രതീക്ഷ നൽകി. 14 പന്തിൽ 20 റൺസെടുത്ത വധേര റണ്ണൗട്ടായതോടെ ഇന്ത്യക്ക് അടിതെറ്റി.

vachakam
vachakam
vachakam

സ്‌കോർ 100ലെത്തിയതിന് പിന്നാലെ ആയുഷ് ബദോനിയും(24 പന്തിൽ 31) വീണു. 15 ഓവറിൽ122. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസിലെത്തിയിരുന്ന ഇന്ത്യക്ക് അവസാന അഞ്ചോവറിൽ തകർത്തടിച്ച രമൺദീപ് സിംഗും നിഷാന്ത് സന്ധുവും ചേർന്ന് പ്രതീക്ഷ നൽകിയെങ്കിലും പതിനെട്ടാം ഓവറിൽ നിഷാന്ത് സന്ധു റണ്ണൗട്ടായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. അവസാന രണ്ടോവറിൽ 38ഉം അവസാന ഓവറിൽ 30ഉം റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ മറുവശത്ത് പിന്തുണക്കാൻ ആളില്ലാതായതോടെ രമൺദീപിന്റെ ഒറ്റയാൾ പോരാട്ടത്തിന് ഇന്ത്യയുടെ തോൽവിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണർമാരായ സുബൈദ് അഖ്ബാറിയും(41 പന്തിൽ 64), സേദിഖുള്ള അടലും(52 പന്തിൽ 83) ചേർന്ന് 14 ഓവറിൽ 137 റൺസടിച്ച് വെടിക്കെട്ട് തുടക്കം നൽകി. മൂന്നാം നമ്പറിലെത്തിയ കരീം ജന്നത്തും(20 പന്തിൽ 41) തകർത്തടിച്ചതോടെ അഫ്ഗാൻ 200 കടന്നു. ഏഴ് പന്തിൽ 12 റൺസെടുത്ത മുഹമ്മദ് ഇഷാഖും അഫ്ഗാൻ സ്‌കോറിലേക്ക് സംഭാവന നൽകി. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam