ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ടൂർണമെന്റ് ഡയറക്ടർ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക. താരങ്ങൾ അവസാന നിമിഷം പിന്മാറുന്നതിനെതിരെ കടുത്ത പിഴയും റാങ്കിംഗ് പോയിന്റ് വെട്ടിക്കുറയ്ക്കലും വേണമെന്ന ഡയറക്ടറുടെ ആവശ്യം ഹാസ്യാസ്പദമാണെന്ന് സബലെങ്ക പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ദുബായ് ഡബ്ല്യു.ടി.എ 1000 (WTA 1000) ടൂർണമെന്റിൽ നിന്ന് പരിക്ക് മൂലം സബലെങ്കയും ഇഗ സ്യാംടെക്കും പിന്മാറിയിരുന്നു. പ്രമുഖ താരങ്ങളുടെ അഭാവം ടൂർണമെന്റിന്റെ മാറ്റു കുറച്ചുവെന്ന് ചൂണ്ടിക്കാട്ടി ടൂർണമെന്റ് ഡയറക്ടർ സലാ തഹ്‌ലക് രംഗത്തെത്തിയിരുന്നു. താരങ്ങളുടെ പിന്മാറ്റം സംഘാടകരെ ഞെട്ടിച്ചുവെന്നും ഇത്തരം നടപടികൾക്കെതിരെ കർശന നിയമങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മിയാമി ഓപ്പണിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സബലെങ്ക തന്റെ അതൃപ്തി വ്യക്തമാക്കിയത്.ടൂർണമെന്റ് ഡയറക്ടർമാർ താരങ്ങളെ സംരക്ഷിക്കുന്നതിന് പകരം ടൂർണമെന്റിന്റെ ലാഭത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് സബലെങ്ക കുറ്റപ്പെടുത്തി.
കടുത്ത മത്സരക്രമം കാരണം താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും താരം വ്യക്തമാക്കി.ഡയറക്ടറുടെ മോശം പ്രതികരണം തന്നെ സങ്കടപ്പെടുത്തിയെന്നും ഇനി ദുബായ് ടൂർണമെന്റിൽ കളിക്കാൻ തനിക്ക് താല്പര്യമില്ലെന്നും സബലെങ്ക സൂചിപ്പിച്ചു.
അമേരിക്കൻ താരം കോകോ ഗോഫും സബലെങ്കയെ പിന്തുണച്ച് സംസാരിച്ചു. താരങ്ങൾ ടൂർണമെന്റുകളിൽ നിന്ന് പിന്മാറുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ലെന്നും തിരക്കേറിയ കലണ്ടർ അനുസരിച്ച് കളിക്കുന്നത് പ്രായോഗികമല്ലെന്നും ഗോഫ് പറഞ്ഞു. സബലെങ്കയുടെയും സ്യാംടെക്കിന്റെയും തീരുമാനത്തെ കൂടുതൽ സഹാനുഭൂതിയോടെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
