ഗ്‌ളാസ്‌ഗോ: ആദ്യ മൂന്നുദിനത്തിൽ ഒറ്റമെഡലുകൾ കൊണ്ട് തൃപ്തിപ്പെട്ട ഇന്ത്യയ്ക്ക് ഗ്‌ളാസ്‌ഗോയിലെ നാലാം ദിനത്തിൽ ഓരോ സ്വർണവും വെള്ളിയും ലഭിച്ചത് വെയ്റ്റ് ലിഫ്ടിംഗ് അരീനയിൽ നിന്ന്.
ഇന്നലെ ആദ്യം നടന്ന പുരുഷ വിഭാഗം 60 കിലോ ഇനത്തിൽ റിഷികാന്ത സിംഗാണ് മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. സ്‌നാച്ചിൽ ഗെയിംസ് റെക്കാഡോടെ 121 കിലോയും ക്‌ളീൻ ആൻഡ് ജെർക്കിൽ 143 കിലോയും ഉൾപ്പടെ ആകെ 264 കിലോ ഉയർത്തിയാണ് റിഷികാന്ത രണ്ടാമതെത്തിയത്.
273 ഉയർത്തിയ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖിനാണ് സ്വർണം. സ്‌നാച്ചിൽ റിഷികാന്തും ബിൻ കസ്ദാനും 121 കിലോ വീതമാണ് ഉയർത്തിയത്. ക്‌ളീൻ ആൻഡ് ജർക്കിലെ ആദ്യ ശ്രമത്തിൽ റിഷികാന്ത 143 കിലോ ക്‌ളിയർ ചെയ്തപ്പോൾ ബിൻ കസ്ദാൻ 145 കിലോ ഉയർത്തി. 148,151 കിലോ ഉയർത്താനുള്ള റിഷികാന്തയുടെ അടുത്ത രണ്ട് ശ്രമങ്ങൾ പിഴച്ചപ്പോൾ 149,152 കിലോ വീതം ഉയർത്തി ബിൻ കസ്ദാൻ സ്വർണത്തിലെത്തി.
പിന്നാലെ നടന്ന വനിതകളുടെ 48 കിലോ വിഭാഗത്തിൽ പ്രതീക്ഷിച്ചപോലെ മീരഭായ് ചാനു സ്വർണത്തിൽ തന്നെയെത്തി. എതിരാളികളൊന്നും തന്റെ നിലവാരത്തിലേക്ക് ഉയരാതിരുന്ന മത്സരത്തിൽ തന്നോടുതന്നെയായിരുന്നു മീരയുടെ മത്സരം. സ്‌നാച്ചിൽ 85 കിലോ ഉയർത്തിയപ്പോൾ തന്നെ മീര കോമൺവെൽത്ത് ഗെയിംസിലെ തന്റെ ഹാട്രിക് സ്വർണമുറപ്പിച്ചിരുന്നു.
സ്‌നാച്ചിലെയും ക്‌ളീൻ ആൻഡ് ജർക്കിലെയും ആദ്യശ്രമങ്ങൾ പാളിയത് മീരയ്‌ക്കൊരു തിരിച്ചടിയേ ആയിരുന്നില്ല. ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരയുടെ കോമൺവെൽത്ത് ഗെയിംസിലെ തുടർച്ചയായ മൂന്നാം സ്വർണമാണിത്. 2018ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ 48 കിലോവിഭാഗത്തിൽ സ്വർണം നേടിയിരുന്ന മീര 2022ൽ 49 കിലോയിലാണ് പൊന്നുയർത്തിയിരുന്നത്. 2014ൽ ഗ്‌ളാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയാണ് മീര തുടങ്ങിയത്.
മണിപ്പൂർ സ്വദേശിയാണ് റിഷികാന്ത സിംഗ്. ഇംഫാലിലെ നാഷണൽ സ്‌പോർട്‌സ് അക്കാഡമിയിൽ പരിശീലനം തുടങ്ങിയ താരം കരസേന ഉദ്യോഗസ്ഥനായി പൂനെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിലെത്തിയതോടെയാണ് ശ്രദ്ധേയനായത്. 2025ലെ കോമൺവെൽത്ത് വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 271 കിലോ ഉയർത്തി സ്വർണം നേടിയിരുന്നു. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 55 കിലോ വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
