ഫിഫ ലോകകപ്പ് 2026ൽ പ്രീ ക്വാർട്ടറിലേക്ക് പോരാട്ടങ്ങൾ എത്തുകയാണ്. വമ്പന്മാരെല്ലാം പ്രീ ക്വാർട്ടറിലേക്ക് എത്തുന്നതോടെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ബ്രസീലിന്റെ പ്രീ ക്വാർട്ടർ പോരാട്ടം 6ന് രാത്രി 1.30നാണ് നടക്കുന്നത്. നോർവേയാണ് കാനറികളുടെ എതിരാളികളായി എത്തുന്നത്. ബ്രസീലിനെ സംബന്ധിച്ച് നോർവേ ശക്തരായ എതിരാളികൾ തന്നെയാണ്.
എർലിങ് ഹാലണ്ട് എന്ന ശക്തനായ താരം കളിക്കുന്ന നോർവേയെ വീഴ്ത്താൻ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ബ്രസീലിന് സാധിക്കേണ്ടതായുണ്ട്. എന്നാൽ സൂപ്പർ പോരിന് ഇറങ്ങും മുമ്പ് പരിക്ക് ബ്രസീലിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ടീമിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തരത്തിൽ പരിക്ക് വില്ലനായി മാറിയിരിക്കുകയാണ്.
ബ്രസീലിന്റെ ലൂക്കാസ് പക്വറ്റയാണ് ഏറ്റവും ഒടുവിലായി പരിക്കേറ്റ് പുറത്തായ താരം.
ജപ്പാനെതിരായ റൗണ്ട് 32 മത്സരത്തിനിടെയാണ് പക്വറ്റക്ക് പരിക്കേറ്റത്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം പക്വറ്റക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടിയിരിക്കുന്നു. എന്തായാലും റൗണ്ട് 16ൽ പക്വറ്റ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
പക്വറ്റയുടെ കാൽത്തുടക്ക് പരിക്കേറ്റതോടെ കാർലോസ് ആഞ്ചലോട്ടിയുടെ പദ്ധതി എന്താണ് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്വറ്റെയുടെ പരിക്കിന് മുമ്പ് തന്നെ മറ്റൊരു പരിക്ക് ബ്രസീലിന് വെല്ലുവിളി ഉയർത്തിയിരുന്നു. അത് റാഫീഞ്ഞയുടെ പരിക്കാണ്. റാഫീഞ്ഞയും പ്രീ ക്വാർട്ടറിൽ കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. പക്വറ്റയുടേയും റാഫീഞ്ഞയുടേയും അഭാവത്തിൽ എങ്ങനെയാവും ബ്രസീൽ നോർവേയുടെ വെല്ലുവിളി മറികടക്കുകയെന്നതാണ് കണ്ടറിയേണ്ടത്.
സൂപ്പർ താരം നെയ്മറിന്റെ പരിക്കും ബ്രസീലിന് കടുത്ത ഭീഷണിയാവുകയാണ്. നെയ്മർ ഫിറ്റ്‌നസിലേക്കെത്തിയെന്ന് പറയുമ്പോഴും മുഴുവൻ സമയവും കളിക്കാനുള്ള ഫിറ്റ്‌നസിലേക്ക് അദ്ദേഹത്തിന് എത്താനായിട്ടില്ല. ആഞ്ചലോട്ടി പകരക്കാരന്റെ റോളിലാണ് നെയ്മറെ കളിപ്പിച്ചിരിക്കുന്നത്. ജപ്പാനെതിരെ നെയ്മറെ കളിപ്പിച്ചുമില്ല. എന്നാൽ നിർണ്ണായകമായ പ്രീ ക്വാർട്ടറിൽ നോർവേക്കെതിരെ നെയ്മറെ സ്റ്റാർട്ടിങ് ഇലവനിൽ പ്രതീക്ഷിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
