ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.
ഒരു ദുരന്തമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ആൾ ദുരന്തത്തിൽ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ? എന്നാണ് കോടതി ചോദിച്ചത്.ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), ആർട്ടിക്കിൾ 16 (പൊതു നിയമനങ്ങളിലെ തുല്യാവസരം) എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈ 27-ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരമൊരു നടപടി സമാനമായ മറ്റ് ദുരന്തങ്ങളിലും ജോലി ആവശ്യപ്പെടാൻ ഇടയാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.വിവിധ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന നിരവധി പേരുടെ അവകാശങ്ങളെ തള്ളിക്കളഞ്ഞ് ഇത്തരം നിയമനങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് സി വി കാർത്തികേയൻ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാൻ, അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിരുന്നു. ജൂലൈ ആദ്യവാരത്തിൽ മുഖ്യമന്ത്രി വിജയ് 32 പേർക്ക് നിയമന ഉത്തരവ് കൈമാറി. ദുരന്തബാധിതർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായാണ് ഈ നിയമനം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
