ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും, ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

AUGUST 13, 2026, 10:03 PM

ന്യൂഡൽഹി: രാജ്യം വലിയ ആവേശത്തോടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വികസിത  ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന 'യുവശക്തി'ക്കാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം

ഇത്തവണത്തെ ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ചെങ്കോട്ടയിൽ ഉയർന്നുകേൾക്കുന്ന വന്ദേമാതരമാണ്. ഇതാദ്യമായാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുന്നത്.

vachakam
vachakam
vachakam

 ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സെക്രട്ടറി തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് കര-നാവിക-വ്യോമസേനകളുടെയും ഡൽഹി പൊലീസിന്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകും. ഇത്തവണത്തെ ചടങ്ങുകളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം, പ്രധാനമന്ത്രി ചെങ്കോട്ടയിലെ കൊത്തളത്തിലേക്ക് പോകും. കേന്ദ്രമന്ത്രിമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, കര - വ്യോമ - നാവിക സേനാ മേധാവിമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് ദേശീയപതാക ഉയർത്തുന്നതിനായി ദില്ലി ഏരിയ ജിഒസി പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.

ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ ദേശീയപതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. കരസേനയിലെ 1721 ഫീൽഡ് ബാറ്ററിയിലെ (സെറിമോണിയൽ) ധീരരായ പീരങ്കിപ്പടയാളികൾ നൽകുന്ന 21 ആചാര വെടിയൊച്ചകളുടെ അകമ്പടിയോടെയായിരിക്കും പതാക ഉയർത്തൽ നടക്കുക. തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിക്കുന്ന ഈ സെറിമോണിയൽ ബാറ്ററിക്ക് മേജർ പവൻ സിങ് ഷെഖാവത്ത് നേതൃത്വം നൽകും. ഗൺ പൊസിഷൻ ഓഫീസറായി നായിബ് സുബേദാർ അനുതോഷ് സർക്കാർ ചുമതല വഹിക്കും.

vachakam
vachakam
vachakam

കരസേന, നാവികസേന, വ്യോമസേന, ദില്ലി പൊലീസ് എന്നിവയിൽ നിന്നുള്ള ഓരോ ഓഫീസറും മറ്റ് റാങ്കുകളിലുള്ള 32 വീതം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ദേശീയപതാക ഗാർഡ്, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ രാഷ്ട്ര സല്യൂട്ട് അർപ്പിക്കും. മേജർ ലോകേന്ദ്ര സിങ് ഷെഖാവത്തായിരിക്കും ഈ ഇൻ്റർ - സർവീസസ് ഗാർഡിനും പൊലീസ് ഗാർഡിനും നേതൃത്വം നൽകുക. ദേശീയപതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ വികാസ് യാദവും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ അഭിലാഷും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ഉമേഷ് ജി യും നയിക്കും. ദില്ലി പൊലീസ് സംഘത്തെ അഡീഷണൽ ഡിസിപി വികാസ് മീണയാണ് നയിക്കുക.

ത്രിവർണ പതാക ഉയർത്തിയ ശേഷം അതിന് രാഷ്ട്ര സല്യൂട്ട് നൽകും. തുടർന്ന് ഒരു ജെസിഒയും മറ്റ് റാങ്കിലുള്ള 25 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കരസേനാ ബാൻഡ് 'വന്ദേമാതരം' വായിക്കുകയും ചെങ്കോട്ടയിൽ സന്നിഹിതരായ എല്ലാവരും ചേർന്ന് ദേശീയഗീതം പാടുകയും ചെയ്യും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam