ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കും മുന്‍പ് 73% വിദ്യാര്‍ഥികളും പഠനം ഉപേക്ഷിക്കുന്നു: ആശങ്കയുണര്‍ത്തി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്

AUGUST 13, 2026, 6:15 AM

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ തലം ഉയരുന്തോറും സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകുന്നതായി പാര്‍ലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തല്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജ്യത്തെ ഏകദേശം 73 ശതമാനത്തോളം വിദ്യാര്‍ത്ഥികളും പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം ലോകസഭയുടെ പത്താം റിപ്പോര്‍ട്ടിലാണ് രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ആശങ്കപ്പെടുത്തുന്ന ഈ ചിത്രമുള്ളത്.

യു.ഡി.ഐ.എസ്.ഇ (2024-25) കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ ആകെ 10,92,671 സ്‌കൂളുകളില്‍ ഭൂരിഭാഗവും പ്രൈമറി തലത്തിലുള്ളവ മാത്രമാണ്. രാജ്യത്ത് ഒന്‍പത് ലക്ഷത്തിലധികം പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് എത്തുമ്പോള്‍ സ്‌കൂളുകളുടെ എണ്ണം കേവലം തൊണ്ണൂറായിരത്തോളമായി ചുരുങ്ങുന്നു. നാല് ലക്ഷത്തിലധികം അപ്പര്‍ പ്രൈമറി സ്‌കൂളുകളും ഒന്നര ലക്ഷത്തോളം സെക്കന്‍ഡറി സ്‌കൂളുകളുമാണ് നിലവിലുള്ളത്.

സ്‌കൂളുകളുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രൈമറി തലത്തില്‍ (1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍) 6.18 കോടി വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോള്‍, അപ്പര്‍ പ്രൈമറിയില്‍ അത് 4.08 കോടിയായും സെക്കന്‍ഡറിയില്‍ 2.36 കോടിയായും കുറയുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് എത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികളുടെ എണ്ണം 1.64 കോടിയായി പകുതിയിലധികം താഴുന്നത് വലിയ ആശങ്കയുണര്‍ത്തുന്ന പ്രതിഭാസമാണ്.

ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുമ്പോഴുണ്ടാകുന്ന ഈ ചോര്‍ച്ച തടയാന്‍ നിലവിലുള്ള പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടനടി മുന്‍കൈ എടുക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേന്ദ്ര ബജറ്റ് വിനിയോഗത്തിലും വന്‍ വീഴ്ചകളാണ് റിപ്പോര്‍ട്ടില്‍ അനാവരണം ചെയ്യപ്പെടുന്നത്. രാജ്യത്തെ പകുതിയിലധികം സ്‌കൂളുകളിലും ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ല. ആകെയുള്ള 14.7 ലക്ഷത്തിലധികം സ്‌കൂളുകളില്‍ അഞ്ച് ലക്ഷത്തോളം സ്‌കൂളുകളില്‍ മാത്രമാണ് ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളുള്ളത്. റാമ്പുകളും ഹാന്‍ഡ് റെയിലുകളും ലഭ്യമായിട്ടുള്ളത് എട്ട് ലക്ഷത്തോളം സ്‌കൂളുകളില്‍ മാത്രമാണ്.

ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി അനുവദിച്ച ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാത്തതിനെ സമിതി രൂക്ഷമായി വിമര്‍ശിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 186 ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 482 ലക്ഷം രൂപ വകയിരുത്തിയെങ്കിലും വെറും 2.60 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നതിനായി അനുവദിച്ച 962 ലക്ഷം രൂപയുടെ ഗ്രാന്റില്‍ 80.50 ലക്ഷം രൂപ മാത്രമാണ് വിനിയോഗിക്കപ്പെട്ടത്. തുക കൃത്യമായി വിനിയോഗിച്ച് വിദ്യാഭ്യാസ രംഗത്തെ ഇത്തരം പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam