വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് ഏഴാം കീരീടം. ലണ്ടനിലെ ലോർഡ്‌സിൽ നടന്ന കിരീടപ്പോരിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഓസ്‌ട്രേലിയ കീരിടം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ ബെത് മൂണിയുടെ അർധസെഞ്ചുറിയുടെയും പോഫെ ലിച്ചിഫീൽഡിന്റെ 48 റൺസിന്റെയും കരുത്തിൽ ഓസീസ് 17.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 9 റൺസെടുത്ത ജോർജിയ വോൾ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ബെത് മൂണി-ലിച്ചിഫീൽഡ് സഖ്യം 67 പന്തിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തി ഓസീസിനെ വിജയത്തിന് അടിത്തറയിട്ടു.
ലിച്ചിഫീൽഡ് പുറത്തായ ശേഷം ക്രീസിലെത്തിയ എല്ലിസ് പെറിയെ കൂട്ടുപിടിച്ച് ബെത് മൂണി ഓസീസിനെ വിജയത്തിന് അരികിലെത്തിച്ചു. എന്നാൽ പതിനാറാം ഓവറിലെ അവസാന പന്തിൽ ജയത്തിന് 10 റൺസകലെ ബെത് മൂണി(49 പന്തിൽ 64)പുറത്തായെങ്കിലും എല്ലിസ് പെറിയും(13) ആഷ്‌ലി ഗാർഡ്‌നറും(3) ചേർന്ന് 18-ാം ഓവറിലെ ആദ്യ പന്തിൽ ഓസീസിനെ വിജയവര കടത്തി. സ്‌കോർ ഇംഗ്ലണ്ട് 20 ഓവറിൽ 150/4, ഓസ്‌ട്രേലിയ 17.1 ഓവറിൽ 153/3.
ഓസ്‌ട്രേലിയയുടെ തുടർച്ചയായ നാലാം ടി20 ലോകകപ്പ് കിരീടനേട്ടമാണിത്. 2023ലും 2020ലും 2018ലും കിരീടം നേടിയ ഓസീസിന് 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെ മാത്രമാണ് കിരീടം നഷ്ടമായത്. അതേസമയം, ഇംഗ്ലണ്ട് നാലാം തവണയാണ് ടി20 ലോകകപ്പ് ഫൈനലിൽ കിരീടം കൈവിടുന്നത്. 2012ലും 2014ലും 2018ലും ഇംഗ്ലണ്ട് ഓസീസിന് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ക്യാപ്ടൻ നാറ്റ് സ്‌കൈവർ ബ്രന്റിന്റെ അർധസെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ പോരാട്ടത്തിന്റെയും കരുത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. 53 പന്തിൽ 58 റൺസെടുത്ത് പുറത്താകാതെ നിന്ന നാറ്റ് സ്‌കൈവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഫ്രെയ കെംപ് 28 പന്തിൽ 44 റൺസെടുത്തപ്പോൾ ആലീസെ ക്യാപ്‌സെ 20 പന്തിൽ 23 റൺസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
