വാൻകൂവർ: കാനഡയിലെ വാൻകൂവറിലുള്വ ബിസി പ്ലസ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ 2-0 ന് തോൽപ്പിച്ച് ഓസ്‌ട്രേലിയയുടെ വിജയത്തുടക്കം.
ഓസ്‌ട്രേലിയയുടെ മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയുമാണ് യൂറോപ്യൻ കരുത്തരായ തുർക്കിയെ വീഴ്ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം തുർക്കി മികച്ച രീതിയിൽ കളിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. 26-ാം മിനിറ്റിൽ നെസ്റ്ററി ഇറൻഗുൻഡയും 74-ാം മിനിറ്റിൽ കോണർ മെറ്റ്കാഫുമാണ് ഓസ്‌ട്രേലിയയ്ക്കായി ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ തുർക്കിയുടെ ക്യാപ്ടൻ ഹകാൻ ചൽഹാനോഗ്ലുവിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയുടെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണങ്ങളാണ നടത്തിയത്. എന്നാൽ മുഴുവൻ താരങ്ങളെയും പ്രതിരോധ നിരയിൽ അണിനിരത്തി ഓസ്‌ട്രേലിയ തുർക്കിയുടെ നീക്കങ്ങളെ തടഞ്ഞു.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ തുർക്കിയുടെ ആക്രമണത്തെ പ്രതിരോധിച്ച് നടത്തിയ ഒരു കൗണ്ടർ അറ്റാക്കിലൂടെ നെസ്റ്ററി ഇറൻഗുൻഡ ആദ്യ ഗോൾ നേടി ഓസീസിനെ മുന്നിലെത്തിച്ചു. തുർക്കി സൂപ്പർ താരം അർദ ഗുലറിന്റെ ഒരു മികച്ച വോളി ഓസ്‌ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് തട്ടിയകറ്റി.
ഒട്ടും സമയം കളയാതെ പന്ത് മിഡ്ഫീൽഡർ പോൾ ഓകോൺഎങ്സ്റ്റലർക്ക് നൽകുകയും, എങ്സ്റ്റലർ നൽകിയ പാസ് സ്വീകരിച്ച് വിങ്ങർ നെസ്റ്ററി ഇറൻഗുൻഡ തുർക്കി പ്രതിരോധത്തെ വെട്ടിച്ച് ക്ലിനിക്കൽ ഫിനിഷിലൂടെ ഗോൾ നേടുകയുമായിരുന്നു. ഗോൾ വഴങ്ങിയതിന് തൊട്ടുപിന്നാലെ തുർക്കി നടത്തിയ ആക്രമണത്തിൽ ഒരു ഉഗ്രൻ ഷോട്ട് ഓസ്‌ട്രേലിയൻ ഗോൾ പോസ്റ്റിന്റെ ബാറിലിടിച്ച് തെറിച്ചുപോയി. ഇതോടെ ആദ്യ പകുതിയിൽ ഓസീസിന് ഒരു ഗോൾ ലീഡ്.
രണ്ടാം പകുതിയിൽ സമനില ഗോളിനായി തുർക്കി യുവതാരം കെനാൻ യിൽദിസിനെ കളത്തിലിറക്കി ആക്രമണം ശക്തമാക്കി. 63 ശതമാനത്തോളം പന്തടക്കം തുർക്കിക്കായിരുന്നെങ്കിലും ഓസ്‌ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ചിന്റെ മികച്ച സേവുകൾ അവർക്ക് തിരിച്ചടിയായി.
തുടർന്ന് 74ാം മിനിറ്റിൽ തുർക്കി ബോക്‌സിന് പുറത്തുനിന്ന് കോണർ മെറ്റ്കാഫ് തൊടുത്ത ശക്തമായ ഒരു ലോങ് ഷൂട്ട് തുർക്കി വലകുലുക്കിയതോടെ ഓസ്‌ട്രേലിയ 2-0ന്റെ സുരക്ഷിത ലീഡ് ഉറപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
