ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആഴ്‌സണലിന്. 22 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ആഴ്‌സണലിന്റെ കിരീടധാരണം. നിർണായക മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബോൺമൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരുമൽസരം ബാക്കിനിൽക്കേ ആഴ്‌സണൽ ചാമ്പ്യന്മാരായത്.
ചൊവ്വാഴ്ച നടന്ന മൽസരത്തിൽ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്‌സണൽ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്‌സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. ഒരു മൽസരം ശേഷിക്കേ സിറ്റി ജയിച്ചാലും കിരീടത്തിലെത്താനാവില്ല.
കിരീടത്തിലേക്ക് ചുവടുറപ്പിക്കാൻ ഇറങ്ങിയ സിറ്റിക്ക് ബോൺമൗത്തിനെതിരേ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എലി ജൂനിയർ ക്രൂപ്പിയുടെ ഗോളിൽ ബോൺമൗത്താണ് ആദ്യം മുന്നിലെത്തിയത്.
94-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് സമനില ഗോൾ നേടി ടീമിന്റെ തോൽവി ഒഴിവാക്കി. ഇതോടെ കഴിഞ്ഞ മൂന്നുവർഷമായി റണ്ണേഴ്‌സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്‌സണലിന് കിരീടം ഉറപ്പിക്കാനായി. 2023ലും 2024ലും മാഞ്ചെസ്റ്റർ സിറ്റിയോടും കഴിഞ്ഞവർഷം ലിവർപൂളിനോടും നേരിയ വ്യത്യാസത്തിലാണ് കിരീടം നഷ്ടപ്പെട്ടിരുന്നത്.
2004നുശേഷം നീണ്ട 22 വർഷങ്ങൾക്കുശേഷമാണ് ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്. മൈക്കൽ അർട്ടേറ്റയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ലീഗിൽ ഏറ്റവുംകുറവ് ഗോൾ വഴങ്ങിയതും (26) ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ഗോൾ വഴങ്ങാതെ ക്ലീൻഷീറ്റ് നിലനിർത്തിയതും (19) ആഴ്‌സണലാണ്.
ക്രിസ്റ്റൽ പാലസിനെതിരെയാണ് ലീഗിലെ ടീമിന്റെ ശേഷിക്കുന്ന മൽസരം. മേയ് 30ന് പിഎസ്.ജിക്കെതിരേ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽകൂടി കിരീടം നേടുകയാണ് അർട്ടേറ്റയുടേയും സംഘത്തിന്റെയും ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
