പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ യുവതാരം അഭിഷേക് ശർമയെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ.
ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിന്റെ പാരമ്പര്യം പിന്തുടരാൻ അഭിഷേകിന് സാധിക്കുമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു.
'അഭിഷേക് ശർമയുടെ വരവ് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. അഭിഷേക് തുടങ്ങിയിട്ടേയുള്ളൂ. ഒരു വലിയ ഭാവിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. അദ്ദേഹം ക്രിക്കറ്റ് ലോകത്തെ മാറ്റിമറിക്കാൻ പോവുകയാണ് ', അശ്വിൻ പറഞ്ഞു.
'യുവരാജ് സിംഗ് ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച താരമായി മാറിയതുപോലെ അഭിഷേകും മാറും. അദ്ദേഹത്തിന് വളരെയധികം കഴിവുകളുണ്ട്. പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച വൈറ്റ് ബോൾ ബാറ്ററായി ഉയരാൻ അഭിഷേകിന് കഴിയും. യുവരാജിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു. അഭിഷേക് ഒരു അസാധാരണ പ്രതിഭയാണ് ', അശ്വിൻ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിൽ അഭിഷേക് ശർമ 39 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 74 റൺസാണ് നേടിയത്. ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇരുവരുടെയും തകർപ്പൻ ഇന്നിങ്‌സുകളുടെ കരുത്തിൽ 172 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
