സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം 9-1 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഓസ്‌ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിംഗിനു മുന്നിൽ തകർന്നു വീണു. ആദ്യം ഇന്നിങ്‌സിൽ ഓസീസുകാർ 181ന് പുറത്തായതോടെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് നാല് റൺസിന്റെ ലീഡ്. സ്‌കോർ: ഇന്ത്യ 185, ഓസ്‌ട്രേലിയ 181.
രണ്ടാം ദിനം രണ്ട് റൺസ് മാത്രമെടുത്ത് ആദ്യം കൂടാരം കയറിയത് മാർനസ് ലെബൂഷെയൻ ആയിരുന്നു. തുടർന്ന്, പത്രണ്ടാം ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. ഈ ഒരൊറ്റ ഓവറിൽ ഓസീസിന്റെ രണ്ട് മുൻനിര ബാറ്റർമാർ ഇന്ത്യൻ കരുത്തിന് മുന്നിൽ വീണു. ആദ്യം സാം കോൺസ്റ്റാസിനേയും(23) പിന്നീട് ട്രാവിസ് ഹെഡിനേയും(4) സിറാജ് മടക്കി അയച്ചു. ഇതോടെ 39ന് നാല് എന്ന നിലയിൽ പരുങ്ങലിലായ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നൽകിയത് അഞ്ചാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത് വെബ്സ്റ്റർ കൂട്ടുകെട്ടാണ്.
105 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുൾപ്പെടെ നേടി വെബ്സ്റ്റർ തന്റെ കന്നി അർധസെഞ്ചുറി പൂർത്തിയാക്കി. സ്റ്റീവ് സ്മിത്ത് 57 പന്തിൽ നിന്ന് 33 റൺസെടുത്തു. നാല് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. 56 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് വിരാമമിട്ടു. പ്രസിദ്ധ് എറിഞ്ഞ 28-ാം ഓവറിലെ ആദ്യ പന്തിൽ സ്മിത്ത് സ്ലിപ്പിൽ നിന്ന് കെ.എൽ. രാഹുലിന്റെ കൈയിൽ ഭദ്രം. തുടർന്ന് അലക്‌സ് കാരിയേയും പ്രസിദ്ധ് ബൗൾഡാക്കി. ഇതോടെ, 137-6 എന്ന നിലയിലായിരുന്നു ഓസീസ്. തൊട്ടടുത്ത ഓവറുകളിലായി ക്യാപ്ടൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും കൂടാരം കയറി. വെബ്സ്റ്റർ കൂടെ പുറത്തായതോടെ ഓസീസിന്റെ തകർച്ച പൂർണമായി.
ഇന്ത്യക്കായി പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്ടൻ ജസ്പ്രിത് ബുമ്ര, നിതീഷ് റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റുകളും നേടി. നാല് റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ഇന്ത്യ തുടങ്ങിയത് തന്നെ ആക്രമണശൈലിയിലായിരുന്നു. സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ നാല് ബൗണ്ടറിയുമായി ജയ്‌സ്വാൾ നയം വ്യക്തമാക്കി. മികച്ച തുടക്കമിട്ട ഇന്ത്യയെ ഞെട്ടിച്ച് ബോളണ്ട് ഓപ്പണർമാരെ രണ്ട് പേരെയും പുറത്താക്കി.
കോഹ്ലി പതിവ് പോലെ വന്നു സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി. ശുഭ്മാൻ ഗിൽ ആദ്യ ഇന്നിങ്‌സിലെ അതേ പിഴവ് ആവർത്തിച്ച് പുറത്തായി. തന്റെ സ്വതസിദ്ധമായ രീതിയിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഋഷഭ് പന്തിന്റെ തോളിലേറിയാണ് ഇന്ത്യ 100 കടന്നത്. മികച്ച ലീഡ് പ്രതീക്ഷ നൽകിയ പന്തിനെ ഓസീസ് നായകൻ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകർന്നു. നാല് റണ്ണുമായി നിതീഷ് കുമാർ റെഡ്ഡിയും മടങ്ങി.
അവസാന ഓവറുകൾ വിക്കറ്റ് നഷ്ടം കൂടാതെ ജഡേജയും(8) സുന്ദറും(6) പിടിച്ചുനിന്നു. ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വീണ്ടും തകർത്തു. 33 പന്തിൽ 61 റൺസ് നേടിയാണ് പന്ത് പുറത്തായത്. നാല് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ജയ്‌സ്വാൾ(22), ഗിൽ(13) രാഹുൽ(13) കോഹ്ലി(6) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റർമാരുടെ സംഭാവന. ആദ്യ ഓവറിൽ നാല് ബൗണ്ടറി നേടിയ ജയ്‌സ്വാൾ പിന്നീട് നേരിട്ട 29 പന്തിൽ ഒരു ബൗണ്ടറി പോലും നേടിയില്ല. കോഹ്ലി ഒരിക്കൽക്കൂടി ഓഫ് സൈഡ് കെണിയിൽവീണു.
ബോളണ്ടിന്റെ പന്തിൽ ഒരിക്കൽക്കൂടി കോഹ്ലി സ്റ്റീവൻ സ്മിത്തിന് ക്യാച്ചുനൽകി. ഒരു ഘട്ടത്തിൽ 744 എന്ന നിലയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത് ഋഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ്. അഞ്ചാംവിക്കറ്റിൽ പന്ത് -ജഡേജ സഖ്യം പിടിച്ചുനിന്നതോടെയാണ് ഇന്ത്യയുടെ സ്‌കോർ 100 കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്