ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായ ടോം ഹോളണ്ടും സെൻഡയയും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. 2026 മാർച്ച് ഒന്നിന് നടന്ന ആക്ടർ അവാർഡ്‌സ് ചടങ്ങിനിടെ സെൻഡയയുടെ സ്റ്റൈലിസ്റ്റ് ലോ റോച്ച് നടത്തിയ ചില പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഈ വാർത്തകളോട് രസകരമായാണ് സെൻഡയയുടെ അമ്മ ക്ലെയർ സ്റ്റോർമർ പ്രതികരിച്ചത്.
അവാർഡ് വേദിക്കരികിലെ റെഡ് കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലോ റോച്ച് ഈ രഹസ്യം വെളിപ്പെടുത്തിയത്. താരങ്ങളുടെ വിവാഹ പ്ലാനുകളെക്കുറിച്ച് ചോദിച്ചപ്പോൾ, "വിവാഹം ഇതിനോടകം കഴിഞ്ഞു, നിങ്ങൾക്കത് നഷ്ടമായി" എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി.
സെൻഡയയുടെ കയ്യിൽ സ്വർണ്ണ മോതിരം കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും "വിവാഹം കഴിഞ്ഞു, സങ്കടമുണ്ട്" എന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഈ അഭിമുഖത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സെൻഡയയുടെ അമ്മ, "ആ ചിരി..." എന്ന അടിക്കുറിപ്പോടെ ചിരിക്കുന്ന ഇമോജി നൽകി ഇത് വെറും തമാശയാണെന്ന സൂചനയാണ് നൽകിയത്.
വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതായാണ് സൂചനകൾ. 2025 സെപ്റ്റംബറിൽ ഒരു ചർച്ചയ്ക്കിടെ റിപ്പോർട്ടർ സെൻഡയയെ കാമുകി എന്ന് വിശേഷിപ്പിച്ചപ്പോൾ, ചിരിച്ചുകൊണ്ട് പ്രതിശ്രുത വധു (Fiancée) എന്ന് ടോം ഹോളണ്ട് തിരുത്തിയിരുന്നു.
2025-ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിൽ സെൻഡയയുടെ വിരലിൽ മിന്നിത്തിളങ്ങിയ ഡയമണ്ട് മോതിരവും ഈ വാർത്തകൾക്ക് കരുത്തുപകർന്നിരുന്നു. ഹോളണ്ടിന് സെൻഡയയോടുള്ള പ്രണയം അതീവ ഗൗരവമുള്ളതാണെന്ന് അടുത്ത വൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
സ്പൈഡർമാൻ: ഹോംകമിംഗ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് പീറ്റർ പാർക്കറും എം.ജെയും ആയി ടോം ഹോളണ്ടും സെൻഡയയും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 മുതൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇരുവരും പരസ്യമായി സംസാരിക്കാറില്ല. നിലവിൽ ക്രിസ്റ്റഫർ നോളൻ്റെ പുതിയ ചിത്രമായ ദി ഒഡീസിയിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
