ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് വികാരഭരിതയായി നടി ഉർവശി. തന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതൽ ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും പിന്നിൽ ഭാഗ്യരാജിന്റെ പിന്തുണയാണെന്നും, അദ്ദേഹത്തിന്റെ മരണശേഷം അവസാനമായി കാണാൻ പോകാതിരുന്നതിനുള്ള കാരണവും ഉർവശി തുറന്നുപറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഭാഗ്യരാജിന്റെ മരണവാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്ന് ഉർവശി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകൻ നേരിട്ട് വിളിച്ച് വാർത്ത അറിയിച്ചപ്പോൾ താൻ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നുവെന്നും, ആദ്യം ആളുമാറിയതാണോ എന്ന് പോലും ചോദിച്ചുവെന്നും അവർ ഓർത്തെടുത്തു. കുറച്ച് നേരം ഒന്നും സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ശരീരം മുഴുവൻ മുള്ള് കുത്തുന്നതുപോലെ അനുഭവപ്പെട്ടുവെന്നും ഉർവശി പറഞ്ഞു.
തനിക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനവും യഥാർത്ഥത്തിൽ ഭാഗ്യരാജിനുള്ളതാണെന്ന് ഉർവശി വ്യക്തമാക്കി. അഭിനയത്തിലെ സ്വാഭാവികത മുതൽ സാരി ധരിച്ച് നടക്കേണ്ട രീതി വരെ അദ്ദേഹം തന്നെ പഠിപ്പിച്ചുവെന്നും, ഓരോ കഥാപാത്രവും ചെയ്യുമ്പോഴും അദ്ദേഹത്തെ ഓർക്കാറുണ്ടെന്നും അവർ പറഞ്ഞു.
ഭാഗ്യരാജിനെ അവസാനമായി കാണാൻ പോകാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തന്നെ വേദനിപ്പിക്കുന്നതാണെന്ന് ഉർവശി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വികാരപ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും, തന്റെ മനസിലെ വികാരങ്ങൾ അദ്ദേഹത്തിന്റെ ആത്മാവിനും കുടുംബത്തിനും അറിയാമെന്നും അവർ വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നും, അതിനെ മറ്റുള്ളവരുടെ വിലയിരുത്തലിന് വിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"ഞാൻ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഞാൻ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. എന്റെ മനസിൽ ഇന്നും അദ്ദേഹം സ്യൂട്ടും കോട്ടും ധരിച്ച് സന്തോഷത്തോടെ നടക്കുന്ന രൂപത്തിലാണ്. മരിച്ചുകിടക്കുന്ന അദ്ദേഹത്തെ കാണാനുള്ള ശക്തി എനിക്കില്ല. ആ ഓർമ്മ അങ്ങനെ തന്നെ നിലനിൽക്കട്ടെ," എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
