സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'കറുപ്പ്' ബോക്സ് ഓഫീസിൽ വൻകുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 300 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
ഈ വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി ചിത്രത്തിലെ പ്രധാന അണിയറ പ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനമായി നൽകിയിരിക്കുകയാണ് സൂര്യ. ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച മൂന്ന് പേർക്കാണ് സൂര്യ മഹീന്ദ്ര BE6 ബാറ്റ്മാൻ എഡിഷൻ കാറുകൾ സമ്മാനിച്ചത്.
സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ ആർ. കലൈവാണൻ എന്നിവർക്കാണ് സൂര്യ ഈ സ്നേഹസമ്മാനം നൽകിയത്. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഓരോ വാഹനവും.
തങ്ങൾക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം മൂവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.സായ് അഭ്യങ്കർ പുതിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൂര്യയോടുള്ള സ്നേഹം അറിയിച്ചു. "ഇതൊരു ദൈവാനുഗ്രഹമാണ്, സൂര്യ സാറിന് വലിയൊരു ഹൃദയമുണ്ട്" എന്നാണ് ജി.കെ. വിഷ്ണു എക്സിൽ കുറിച്ചത്. എഡിറ്റർ കലൈവാണനും തന്റെ കുടുംബത്തോടൊപ്പം പുതിയ വാഹനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് സൂര്യയ്ക്ക് നന്ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
