സൗത്ത് സിനിമ ഇൻഡസ്ട്രിയെ വാനോളം പുകഴ്ത്തി നടൻ സണ്ണി ഡിയോൾ. ബോളിവുഡിലെ നിർമാതാക്കൾ സൗത്തിനെ കണ്ട് പഠിക്കണമെന്നാണ് സണ്ണി ഡിയോൾ പറയുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ ജാട്ടിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
സൗത്തിൽ കഥയാണ് നായകൻ, ഒപ്പം ഒരു സിനിമ വിജയിപ്പിക്കാനായി സംവിധായകനിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു. ഒരുപക്ഷേ താൻ ഇനി സൗത്തിൽ പോയി സ്ഥിരതാമസമാക്കിയേക്കാം എന്നും മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ഡിയോൾ പറഞ്ഞു.
'ജാട്ട് സിനിമയുടെ നിർമ്മാതാക്കൾ വളരെ നല്ലവരാണ്. ബോംബെയിലെ നിർമ്മാതാക്കൾ അവരിൽ നിന്ന് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ബോളിവുഡ് എന്നാണ് വിളിക്കുന്നത്, എന്നാൽ ആദ്യം അതിനെ ഹിന്ദി സിനിമ എന്ന് വിളിക്കാൻ പഠിക്കൂ. സ്നേഹത്തോടെ സിനിമ എങ്ങനെ നിർമ്മിക്കാമെന്ന് സൗത്തിലെ അണിയറപ്രവർത്തകർ കണ്ട് പഠിക്കണം.
അവർ സിനിമയുടെ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നല്ലൊരു സംവിധായകനെ കൊണ്ടുവന്ന് അയാളുടെ വിഷനിൽ വിശ്വാസമർപ്പിച്ച് അതിനെ വിജയിപ്പിക്കാനുള്ള എല്ലാ വഴികളും തേടുന്നു. കഥയാണ് അവരുടെ നായകൻ. ജാട്ടിലെ ടീമുമൊത്ത് ജോലി ചെയ്തത് ഞാൻ നന്നായി ആസ്വദിച്ചു. നമുക്ക് മറ്റൊരു സിനിമ കൂടി ചെയ്യാം എന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിരുന്നു. ഒരുപക്ഷേ ഞാൻ സൗത്തിൽ പോയി സ്ഥിരതാമസമാക്കിയേക്കാം', സണ്ണി ഡിയോൾ പറഞ്ഞു.
ജാട്ടിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ മാസ് മസാല പടമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം ഒരുക്കുന്നത്. രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, അജയ് ഘോഷ്, ദയാനന്ദ് ഷെട്ടി, ജഗ്പതി ബാബു, ബബ്ലൂ പൃഥ്വിരാജ് എന്നിവരായിരിക്കും സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്