വ്യക്തിപരമായ പ്രശ്നങ്ങളും വിവാഹമോചന നടപടികളും പൂർത്തിയാകുന്നത് വരെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന തന്റെ മുൻ പ്രഖ്യാപനം തിരുത്തി തമിഴ് നടൻ രവി മോഹൻ രംഗത്ത്. ജെ.എഫ്.ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ്സ് ചടങ്ങിൽ സംസാരിക്കവെയാണ്, താൻ സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് താരം ഔദ്യോഗികമായി വ്യക്തമാക്കിയത്.
മുൻപ് എടുത്ത തീരുമാനം കടുത്ത മാനസിക സമ്മർദ്ദവും വൈകാരികതയും കാരണം സംഭവിച്ചുപോയതാണെന്ന് പറഞ്ഞ അദ്ദേഹം തന്റെ ആരാധകരോടും സിനിമാ ലോകത്തോടും പരസ്യമായി ക്ഷമാപണം നടത്തി. അവാർഡ് വേദിയിൽ താരം പറഞ്ഞത് ഇങ്ങനെയാണ്: "എനിക്ക് ഈ വർഷം 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയും (23 വർഷം) ഞാൻ സിനിമയിലാണ് ചിലവഴിച്ചത്. എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ തെറ്റ് നിങ്ങളെയെയെല്ലാം ഇത്രയധികം വേദനിപ്പിച്ചതിൽ വിഷമമുണ്ട്. വ്യക്തിജീവിതവും സിനിമാജീവിതവും എനിക്ക് 50-50 ആണ്, പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി വ്യക്തിജീവിതത്തിലെ വികാരങ്ങൾ എന്നെ കൂടുതൽ ബാധിച്ചു. ഞാൻ അന്ന് കുറച്ച് വൈകാരികമായാണ് സംസാരിച്ചത്. എന്നാൽ സിനിമാ മേഖലയിലെ എല്ലാവരും എന്നെ വന്ന് കണ്ട് പറഞ്ഞു, 'നീ എന്ത് പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കാം, പക്ഷേ ഇനി ഒരിക്കലും സിനിമയിൽ ഉണ്ടാകില്ല എന്ന് മാത്രം പറയരുത്.' അവരോടെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു."
കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ വൈകാരികമായ വാർത്താസമ്മേളനത്തെക്കുറിച്ച് ഓർത്തെടുത്ത താരം, അതിലൂടെ സമൂഹത്തിൽ 'മെന്റൽ ഹെൽത്ത്' (മാനസികാരോഗ്യം) സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാൻ കഴിഞ്ഞത് ഒരു നല്ല കാര്യമായി കാണുന്നുവെന്നും കൂട്ടിച്ചേർത്തു. ഭാര്യ ആരതി രവിയുമായുള്ള വേർപിരിയലും, ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ഗോസിപ്പുകളും കാരണം കഴിഞ്ഞ കുറച്ചുമാസങ്ങളായി രവി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.
മുൻപ് നടത്തിയ പ്രസ് മീറ്റിൽ, തന്റെ കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും കടുത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കണ്ണീരോടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സിനിമാ ലോകവും ആരാധകരും നൽകിയ വലിയ പിന്തുണയാണ് ഇപ്പോൾ താരത്തിന് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്താനുള്ള ആത്മവിശ്വാസം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
