തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. മുൻ ഓപ്പണർ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് 36കാരനായ താരം തന്റെ വ്യക്തിജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ചും അതിൽനിന്ന് കരകയറിയതിനെക്കുറിച്ചും മനസ് തുറന്നത്. ഐ.പി.എല്ലിൽ 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ചഹൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
എന്നാൽ ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിൽ പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. പ്രൊഫഷണൽ കരിയറിലെ നേട്ടങ്ങൾക്കൊപ്പം തന്നെ വ്യക്തിജീവിതത്തിൽ വലിയ തകർച്ചകളിലൂടെയാണ് താരം കടന്നുപോയത്. തന്റെ വിവാഹമോചനത്തിന് ശേഷം, മാനസികാവസ്ഥ മോശമായതിനെത്തുടർന്ന് മദ്യത്തിന് അടിമയായി മാറിയെന്ന് ചഹൽ വെളിപ്പെടുത്തി. ''കഴിഞ്ഞ വർഷത്തെ കൗണ്ടി ക്രിക്കറ്റിന് ശേഷം മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചു. അതോടെ ഞാൻ ഒരു റീഹാബ് സെന്ററിലേക്ക് മാറി, അവിടെ 26 ദിവസം ചെലവഴിച്ചു. ആ തീരുമാനം എന്റെ വ്യക്തിജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. കൂടുതൽ പക്വത കൈവന്നു, വികാരങ്ങൾ നിയന്ത്രിക്കാൻ പഠിച്ചു. കഴിഞ്ഞ ഐ.പി.എല്ലിൽ എന്റെ ശരീരം വീണ്ടും 30 വയസുകാരന്റേതുപോലെ ഉന്മേഷമുള്ളതായി തോന്നി.'' ചഹൽ പറഞ്ഞു.
2011ൽ താൻ ആദ്യമായി ഐ.പി.എൽ കളിച്ചപ്പോൾ എബി ഡി വില്ലിയേഴ്സ് തനിക്ക് നൽകിയ ഉപദേശവും താരം ഓർത്തെടുത്തു. ''ജീവിതത്തിൽ ബാലൻസാണ് പ്രധാനം എന്ന് എബി ഡി എന്നോട് പറഞ്ഞിരുന്നു. കേൾക്കാൻ എളുപ്പമാണെങ്കിലും അത് പാലിക്കുക പ്രയാസമാണ്. എന്റെ വിവാഹമോചനത്തിന് ശേഷം കാര്യങ്ങൾ കൈവിട്ടുപോയി. ഇതേ രീതിയിൽ മുന്നോട്ടുപോയാൽ ഞാൻ ഏറ്റവും സ്നേഹിക്കുന്ന ക്രിക്കറ്റിനെ അത് നശിപ്പിക്കുമെന്ന് എനിക്ക് മനസ്സിലായി.'' അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിജീവിതം പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയായത് തന്നെ മാനസികമായി തളർത്തിയെന്നും അത് തന്റെ ക്രിക്കറ്റിനെയും ബാധിച്ചതായി ചഹൽ പറഞ്ഞു. ഉത്കണ്ഠയും പാനിക് അറ്റാക്കുകളും തന്നെ ഗുരുതരമായി ബാധിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചഹൽ, 2025ൽ 16 വിക്കറ്റും 2026ൽ 12 വിക്കറ്റും വീഴ്ത്തിയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നിലവിൽ താൻ സന്തോഷകരമായ ഒരു അവസ്ഥയിലാണെന്നും താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
