സാങ്കേതികവിദ്യയ്ക്ക് മനുഷ്യനെ സഹായിക്കാനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നിരവധിയാണ്. എന്നാൽ ഇപ്പോൾ ഒരു വാച്ചിന് മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ടെയ്‌ലർ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ അനുഭവം പങ്കുവെച്ചത്.
ഗുരുതരമായ ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിൽ ആപ്പിൾ വാച്ച് നിർണായക പങ്കുവഹിച്ചുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടക്കുന്നതിനിടെ മുഖമടിച്ചാണ് ടെയ്‌ലർ വീണത്.
അപ്പോൾ ആപ്പിൾ വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ സജീവമായി. ഉപയോക്താവിന്റെ പെട്ടെന്നുള്ള വീഴ്ചയും ചലനരാഹിത്യവും തിരിച്ചറിഞ്ഞ വാച്ച് അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടു. നടക്കുമ്പോഴാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കാറിനടുത്തെത്തിയിരുന്നപ്പോഴേക്കും, മുഖം നിലത്തേക്കടുക്കുന്നതും വാച്ച് വൈബ്രേറ്റ് ചെയ്യുന്നതും എസ്ഒഎസ് സന്ദേശം പ്രദർശിപ്പിക്കുന്നതുമാണ് അവസാനം കണ്ടതെന്നാണ് ടെയ്‌ലർ പറയുന്നത്.
വീഴ്ച തിരിച്ചറിഞ്ഞ ആപ്പിൾ വാച്ച് ആദ്യം എസ്ഒഎസ് കോൾ സജീവമാക്കി. മുൻകൂട്ടി സെറ്റ് ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്ന ഈ ഫീച്ചർ, ശരീരം ചലിപ്പിക്കാൻ കഴിയാത്തവർക്ക് സംസാരിക്കാൻ സാധിക്കുമ്പോൾ വിവരം അറിയിക്കാൻ സഹായിക്കുന്നു. 911 വഴി അടിയന്തര സേവനങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു. അവർ ഉടൻ തിരികെ വിളിച്ചു, ടെയ്‌ലർ സഹായം ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷപെടുകയായിരുന്നു.
അതേസമയം ആശുപത്രിയിൽ എത്തിച്ച ടെയ്‌ലറിന്റെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി, ഇത് ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തിയതാണ് ശ്വാസതടസത്തിനും വീഴ്ചയ്ക്കും കാരണമായത്. വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചതാണ് ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർ പിന്നീട് അറിയിച്ചുവെന്ന് ടെയ്‌ലർ പോസ്റ്റിൽ പറഞ്ഞു. ഇത്തരത്തിൽ ആപ്പിൾ വാച്ച് വേറെയും ജീവനുകൾ രക്ഷിച്ച വാർത്തകൾ ഇതിന് മുൻപും പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്