മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ കൊല്ലം സുധി വിടപറഞ്ഞിട്ട് മൂന്ന് വർഷം തികയുന്ന വേളയിൽ, സുധിയുടെ ഓർമ്മദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി ഭാര്യ രേണു സുധി. ചടങ്ങുകളെല്ലാം ആദ്യ രണ്ട് വർഷം കൊണ്ട് തന്നെ കഴിഞ്ഞതാണെന്നും, അതിനാൽ ഇത്തവണ പള്ളിയിലെ പ്രത്യേക പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകളൊന്നും ഉണ്ടാകില്ലെന്നും രേണു വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹങ്ങളും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയും പങ്കുവെച്ചത്.
ഇത്തവണ സുധിയുടെ ഓർമ്മദിനത്തിൽ വലിയ ചടങ്ങുകൾക്ക് പകരം ലളിതവും കാരുണ്യപ്രവർത്തികളിൽ അധിഷ്ഠിതവുമായ ഒരു കാര്യ ചെയ്യാനാണ് രേണു ആഗ്രഹിക്കുന്നത്: "സുധിച്ചേട്ടന്റെ ഓർമ്മദിനത്തിൽ ഞാൻ എവിടെയാണെങ്കിലും പ്രാർത്ഥിക്കും. ഇത്തവണ മറ്റ് ചടങ്ങുകളൊന്നുമില്ല. നമ്മുടെ ചടങ്ങുകളെല്ലാം രണ്ടു വർഷം കൊണ്ട് കഴിഞ്ഞതാണ്. എന്റെ ഒരു ആഗ്രഹം, ഇവിടെ അടുത്തുള്ള ഒരു അനാഥാലയത്തിൽ കുറച്ചു കുഞ്ഞുപിള്ളേരുണ്ട്, അവിടെ ഇളയ മകൻ റിതപ്പനെയും കൊണ്ട് പോയി അവർക്ക് ഒരു നേരത്തെ ചോറ് നൽകണം എന്നാണ്. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം. ഞാൻ മറ്റെവിടെയെങ്കിലും പോവുകയാണെങ്കിൽ പോലും ഇവരെ ഈ കാര്യം ഏൽപ്പിച്ചിട്ടേ പോകൂ. അല്ലാതെ കഴിഞ്ഞ തവണത്തെപ്പോലെ പള്ളിയിലെ അച്ഛനൊക്കെ വന്ന് നടത്തുന്ന പ്രത്യേക ചടങ്ങുകളൊന്നും ഇത്തവണയില്ല," രേണു പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്കും കടുത്ത ഭാഷയിൽ തന്നെ രേണു പ്രതികരിച്ചു. സുധിയുടെ വേർപാടിന് ശേഷവും ജീവിച്ചിരിക്കുന്നതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി ഇങ്ങനെയായിരുന്നു: സുധിച്ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാനേ തങ്ങളെക്കൊണ്ട് ഇപ്പോൾ സാധിക്കൂ എന്ന് രേണു വ്യക്തമാക്കുന്നു. "എനിക്കിപ്പോൾ ആ കുഴിയിൽ ചെന്ന് അകത്തോട്ട് കേറി കിടന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാൻ ഒന്നും പറ്റില്ലല്ലോ," എന്ന് രേണു ചോദിക്കുന്നു. നെഗറ്റീവ് കമന്റുകൾ പറയുന്നവർക്ക് താനും ആ കുഴിയിൽ ചെന്ന് ചാടണം എന്നാണ് ആഗ്രഹമെന്നും എന്നാൽ തനിക്ക് വളർത്താൻ ഒരു കുഞ്ഞുമകനുള്ള കാര്യം അവർ ഓർക്കണമെന്നും രേണു ഓർമ്മിപ്പിച്ചു. മക്കളുള്ള അമ്മമാർക്ക് എന്തായാലും 'സതി' അനുഷ്ഠിച്ച് ജീവനൊടുക്കാൻ കഴിയില്ലെന്നും രേണു അഭിമുഖത്തിൽ തുറന്നടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
