ന്യൂഡെല്‍ഹി: രാജാവിന് ഇഷ്ടാനുസരണം ആരെയും നീക്കം ചെയ്യാന്‍ കഴിയുന്ന മധ്യകാലഘട്ടത്തിലേക്ക് ഇന്ത്യ മടങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇഷ്ടമല്ലാത്ത മുഖമുള്ളവര്‍ക്കെതിരെ ഇഡിയെക്കൊണ്ട് കേസെടുപ്പിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയെയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രത്തിന്റെ പുതിയ ബില്ലുകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
'രാജാവിന് ഇഷ്ടാനുസരണം ആരെയും നീക്കം ചെയ്യാന്‍ കഴിയുന്ന മധ്യകാലഘട്ടത്തിലേക്ക് നമ്മള്‍ മടങ്ങുകയാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്താണെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. നിങ്ങളുടെ മുഖം അദ്ദേഹത്തിന് ഇഷ്ടമല്ല, അതിനാല്‍ അദ്ദേഹം ഇഡിയോട് ഒരു കേസ് ഫയല്‍ ചെയ്യാന്‍ പറയുന്നു, തുടര്‍ന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ 30 ദിവസത്തിനുള്ളില്‍ തുടച്ചുനീക്കും,' രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കിടന്നാല്‍ നേതാക്കന്‍മാരെ പ്രധാന തസ്തികകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലുകള്‍. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് സര്‍ക്കാര്‍ വിട്ടു. കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറി എറിയുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്